കുട്ടനാട്ടില്‍ യാത്രാക്ലേശം രൂക്ഷം. ബോട്ടുകള്‍ പലതും മുന്നറിയിപ്പില്ലാതെ സര്‍വീസ് മുടക്കുന്നതോടെ കായലോരവാസികള്‍ മണിക്കൂറുകളാണ് കാത്തുനില്‍ക്കേണ്ടിവരുന്നത്. കാലപ്പഴക്കംകാരണം നിരന്തരം കേടാകുന്ന ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടിയില്ല.
അങ്ങനെ കാലങ്ങളായി പണിക്കുകയറ്റിയ ബോട്ടുകളുടെ അവസ്ഥ ഇതാണ്. ചെറിയ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍പോലും ആഴ്ചകളെടുക്കും. അപ്പോഴേയ്ക്ക് ആ ബോട്ടിന് പുതിയ തകരാര്‍ സംഭവിച്ചുകഴിയും. യാത്രാക്ലേശത്തിന്റെ കാര്യം കൈനകരി കുട്ടമംഗലം സ്വദേശിനി ലീലാമ്മ ചേച്ചി പറയും.
കൈനകരി , പുളിങ്കുന്ന് , നെടുമുടി, ചങ്ങങ്കരി തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ റേഷന്‍ വാങ്ങണമെങ്കില്‍പ്പോലും ആലപ്പുഴയിലെത്തണം. ടൗണിലെത്തി മടങ്ങാന്‍ ഒരുപകല്‍ മുഴുവന്‍ വേണമെന്നതാണ് നിലവിലെ അവസ്ഥ. പ്രശ്നപരിഹാരമില്ലാത്തതിനാല് സഹികെട്ട് യാത്രക്കാരും ജനപ്രതിനിധികളും ചേര്‍ന്ന് ജലഗതാഗതവകുപ്പ് ഡയറക്ടറെ തടഞ്ഞുവച്ചു.
പുതിയ ബോട്ടുകള്‍ കുട്ടനാട്ടിലിറങ്ങിയിട്ട് വര്‍ഷങ്ങളായി. ഉള്ള ബോട്ടുകളെങ്കിലും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് സമയത്ത് ഓടിക്കണമെന്നതു മാത്രമാണ് നാട്ടുകാരുടെ ആവശ്യം.