വടക്കന്‍ പറവൂര്‍ കുന്നുകരയില്‍ ഭൂമാഫിയ പെരിയാര്‍ കയ്യേറുന്നതായി പരാതി. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കയ്യേറ്റമെന്നാണ് നാട്ടുകാരുടെ ആരോപണം.
കുന്നുകര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ വയല്‍ക്കര മനക്കപ്പള്ളം കടവിനു സമീപമാണ് സ്വകാര്യവ്യക്തി പെരിയാര്‍ കയ്യേറുന്നതായി ആരോപണമുയര്‍ന്നത്. ഒരേക്കറോളം വിസ്തൃതിയില്‍ പുഴ കുറ്റിയടിച്ച് വളച്ചെടുത്ത ശേഷം യന്ത്രസഹായത്തോടെ ബണ്ട് നിര്‍മിച്ചാണ് കയ്യേറ്റം. നൂറുകോടി ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയായി വരുന്ന കരുമാല്ലൂര്‍ പുറപ്പിള്ളിക്കാവ് റഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപമാണ് കയ്യേറ്റം. കയ്യേറ്റത്തിനെതിരെ കരുമാല്ലൂര്‍ വില്ലേജ് ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പുഴയുടെ ഒരുഭാഗം അവകാശപ്പെട്ടതാണെന്നും മല്‍സ്യകൃഷി നടത്തുന്നതിനാണ് ബണ്ട് കെട്ടിയതെന്നുമാണ് സ്വകാര്യവ്യക്തിയുടെ വാദം.