സ്വകാര്യ ടെലികോം കമ്പനി കേബിളിടാന്‍ വേണ്ടി റോഡിലെടുത്ത കുഴി നാട്ടുകാരുടെ ശ്വാസം മുട്ടിച്ചു. കുഴിയില്‍ നിന്നുളള പൊടിശല്യം രൂക്ഷമായതോടെ ടെലികോം കമ്പനിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ ജീവനക്കാരെ കൊണ്ട് റോഡ് കഴുകിച്ചു. എറണാകുളം ആലുവയിലാണ് സംഭവം.
ഫോര്‍ ജി കേബിളിടാനാണ് ആലുവ നഗരത്തിലുട നീളം റോഡിനു നടുവിലൂടെ ആറിഞ്ച് വീതിയില്‍ കുഴിയെടുത്തത്. രണ്ടു ദിവസമായി രാത്രിയിലായിരുന്നു കേബിള്‍ ഇടല് ജോലികള്‍. പക്ഷേ എടുത്ത കുഴികള്‍ അടയ്ക്കാന്‍ ടെലികോം കമ്പനി അധികൃതര്‍ തയാറായില്ല. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലാകെ പൊടികയറി. കാല്‍നടക്കാര്‍ക്ക് നടന്നു പോകാന്‍ പോലും പറ്റാത്ത വിധത്തില്‍ പൊടിശല്യം രുക്ഷമായതോടെ നാട്ടുകാരുടെ ക്ഷമ നശിച്ചു. ഇതോടെയാണ് ടെലികോം കമ്പനിക്കു വേണ്ടി കുഴിയെടുത്ത കരാറുകാരന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞത്. ഒടുവില്‍ ടാങ്കര്‍ ലോറിയില്‍ വെളളമെത്തിച്ച് റോഡ് കഴുകിയ ശേഷമാണ് കരാറുകാരനും തൊഴിലാളികള്‍ക്കും രക്ഷപ്പെടാനായത്.
അതേസമയം നഗരസഭയുടെയോ പൊതുമരാമത്ത് വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് റോഡില്‍ കുഴിയെടുക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുഴിയെടുത്ത ശേഷം റോഡ് പൂര്‍വ സ്ഥിതിയിലാക്കാന്‍ കരാറുകാര്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്.