ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനെത്തുടര്‍ന്ന് കുട്ടനാട് കുസാറ്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ സമരത്തില്‍. 1999 ല്‍ സ്ഥാപിച്ച എന്‍ജിനീയറിങ് കോളജിലാണ് ഇതുവരെ താമസസൗകര്യം ഒരുക്കാത്തത്.
വെള്ളത്താല്‍ ചുറ്റപ്പെട്ട കുട്ടനാടന്‍ നാട്ടുമ്പുറം. അവിടെയാണ് കുസാറ്റിന്റെ എന്‍ജിനീയറിങ് കോളജിന്റെ സെന്ററുകളിലൊന്നുള്ളത്. ബിടെക് ആറുബാച്ചുകളുള്പ്പെടെ ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. കൂടുതല്‍ പേരും ഉത്തരേന്ത്യക്കാര്‍. ഇവര്‍ക്ക് താമസിക്കാന്‍ പക്ഷേ കോളജ് ഹോസ്റ്റലില്ല. നാട്ടുമ്പുറമായതിനാല്‍ വാടകക്ക് വീട് കിട്ടുക പ്രയാസം. സ്വകാര്യ വ്യക്തികളുടെ വീടുകള്‍ക്കൊപ്പമുള്ള ചെറു സംവിധാനങ്ങളാണ് ആശ്രയം. പ്രൈവറ്റ് ഹോസ്റ്റലുകളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ സമരമുഖത്തുള്ളത്.
മലയാളി വിദ്യാര്‍ഥികളില്‍ പലരും കിലോമീറ്ററുകള്‍ അകലെ ചങ്ങനാശേരിയിലാണ് താമസത്തിന് ഇടം കണ്ടെത്തിയിരിക്കുന്നത്. ഇതു മാത്രമല്ല ഇവിടുത്തെ പോരായ്മ. പരീക്ഷ എഴുതണമെങ്കില്‍ വിദ്യാര്‍ഥികള്‍ കൊച്ചിയില്‍ പോകണം. കോളജില്‍ പരീക്ഷാ സെന്റര്‍ വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യം. ചുറ്റുമതിലും ലാബ് സംവിധാനവുമില്ലാത്ത കോളജില്‍ പഠനം ദുസഹമാണെന്ന് ഭാവിയിലെ എന്‍ജിനീയര്‍മാര്‍ പറയുന്നു. പക്ഷേ കുസാറ്റ് അധികാരികള്ക്കുമാത്രം കുലുക്കമില്ല.