കയ്യക്ഷരത്തിലൂടെ എഴുത്തുകാരനെ തിരിച്ചറിയാനും സാഹിത്യത്തിലെ മോഷണം കണ്ടെത്താനും സോഫ്റ്റ്വെയറുകൾ. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ശാസ്ത്രയാനിലെ കൗതുകങ്ങളാണ് ഇവയെല്ലാം. ശാസ്ത്രയാന്റെ ഒദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കുസാറ്റിലെ ഇരുപത്തിയൊമ്പത് പഠന-ഗവേഷണ കേന്ദ്രങ്ങള്‍ നാളിതുവരെ നടത്തിയ ഗവേഷണഫലങ്ങൾ തുറന്നുകാട്ടുന്നതാണ് ശാസ്ത്രയാൻ പ്രദർശനം. മലിനീകരണമില്ലാതെ തീ അണയ്ക്കുന്ന നാനോ സംയുക്തങ്ങൾ മുതൽ ഭക്ഷണത്തിലെ മായം കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ വരെയുണ്ട് പ്രദർശനത്തിൽ. മത്സ്യ കൃഷിയിടത്തിലെ മാലിന്യങ്ങൾ നീക്കാനുള്ള വിദ്യയും വൈക്കോൽ കൊണ്ട് ഭിത്തി നിർമിക്കുന്നത് എങ്ങനെയെന്നും കുസാറ്റിലെ മിടുക്കർ കാണിച്ചു തരുന്നു.
രണ്ടുമണി വരെ പൊതുജനങ്ങൾക്ക് പ്രദർശനം സൗജന്യമായി കാണാം. ഇതിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങൾക്കു മാത്രമേ ശാസ്ത്രയാൻ വേദിയിലേക്ക് പ്രവേശനമുള്ളു.