സർക്കാർ വകുപ്പുകളുടെ കൂട്ടായ അനാസ്ഥയ്ക്കെതിരെ വ്യത്യസ്തമായ സമരവുമായി നാട്ടുകാർ. ആലപ്പുഴ ചെന്നിത്തലയിലാണ് റോഡിലെ വെള്ളക്കെട്ടിൽ വള്ളമിറക്കി നാട്ടുകാർ പ്രതിഷേധിച്ചത്.
വേനൽ മുറുകി വരുമ്പോഴും പ്രതിപക്ഷ നേതാവിന്റെ വീടിനു പരിസരത്തെ ഈ റോഡിൽ വള്ളമോടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് നാട്ടുകാർ. ചെന്നിത്തല പഞ്ചായത്തിലെ 15-ാം വാർഡിൽ ചക്കുംമൂട് ജംക്ഷന് സമീപം പി.ഡബ്ലു.ഡി റോഡിലാണ് നാട്ടുകാർ വള്ളമിറക്കലും ചൂണ്ടയിടലും നടത്തിയത്. റോഡിലെ ഗട്ടർമൂലം പൊറുതിമുട്ടിയിരുന്ന നാട്ടുകാരെ വെട്ടിലാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം ജലഅതോറിറ്റിയുടെ പൈപ്പ് ലൈനും പൊട്ടി. ദിവസങ്ങൾ കഴിഞ്ഞിട്ടും പരിഹരിക്കാത്ത റോഡിലെ വെള്ളക്കെട്ടിൽ അപകടങ്ങൾ പതിവായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ല.
ഗുണനിലവാരമില്ലാത്ത പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒപ്പം റോഡിലെ കുഴിയടച്ച് സഞ്ചാരയോഗ്യമാക്കുന്നതുവരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.