ക്ഷീരവികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് പരാതി

cow-2
SHARE

ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ വ്യാപകമാവുന്നതായി പരാതി. വൈക്കത്ത് ക്ഷീരഗ്രാമ പദ്ധതി പ്രകാരം പശുക്കളെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നതിലും കാലിത്തീറ്റ വിതരണത്തിലും ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് പരാതി. 

ക്ഷീരോൽപാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം വൈക്കത്ത് ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് മികച്ച ഇനം പശുക്കളെ എത്തിച്ച് കർഷകർക്ക് നൽകുന്നതാണ് പദ്ധതി. ഇതിലൂടെ പാലുൽപാദനത്തിൽ ഗണ്യമായ വർധനയും മേഖലയിൽ ഉണ്ടായി. അറുപതിനായിരം രൂപ വിലവരുന്ന പശുവിന് നാൽപതിനായിരം രൂപ വരെയാണ് സര്‍ക്കാരിന്‍റെ സബ്സിഡി. ഇത്തരത്തില്‍ ഒരു കര്‍ഷകന് അഞ്ചു മുതൽ പത്തു പശുക്കളെ വരെ നൽകിയിരുന്നു. കോടികൾ മുടക്കി ക്ഷീരവകുപ്പ് 800 ഓളം പശുക്കളെ ഇതരം സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയതിൽ വൻ അഴിമതി നടത്തിയെന്നാണ് ആരോപണം. ഗുണനിലവാരമില്ലാത്ത പശുക്കളെ ഇടനിലക്കാർ മുഖേന കർഷകരെ എത്തിച്ചുകൊടുക്കുയാണ് ചെയ്യുന്നത്. വേണ്ടത്ര വരുമാനം പശുവില്‍ നിന്ന് കിട്ടാതാകുന്നതോടെ സബ്സിഡി കിട്ടിയാലുടൻ കര്‍ഷകര്‍ പശുക്കളെ മറിച്ച് വിൽക്കുകയാണ് ചെയ്യുന്നത്. മൂന്ന് വർഷത്തേക്ക് വിൽക്കാൻ പാടില്ല എന്ന വ്യവസ്ഥ ലംഘിച്ചിട്ടും വകുപ്പ് നടപടി എടുക്കാത്തത് വകുപ്പ് തല അഴിമതിക്ക് മറയിടാനെന്നും ആരോപണമുണ്ട് 

പ്രസവിക്കാറായ പശുവിന് 1350 വിലയുള്ള രണ്ട് ചാക്ക് കാലി തീറ്റ പഞ്ചായത്തിന്റെ സബ്സിഡിയോടെ 650 രൂപക്ക് നൽകുന്നതിൽ വല്ലകം സഹകരണ സംഘത്തിലുണ്ടായ ക്രമക്കേടിനെക്കുറിച്ച് വിജിലൻസിന്‍റെ അന്വേഷണം നടക്കുകയാണ്. മിൽമയുടെ വേനൽക്കാല ഇൻസെന്റീവ് നൽകാതെയുംഒരാഴ്ചയ്ക്കുള്ളില്‍ കൊടുക്കണ്ടേ പാലിന്റെ പണം 10 മുതൽ 12 ദിവസം വരെ താമസിച്ചു നൽകിയും ചില സംഘങ്ങൾ കർഷകരെ വഞ്ചിക്കുന്നതായും ആരോപണമുണ്ട്. 

എന്നാൽ മിൽമയിൽ നിന്ന് പണം കിട്ടിയാൽ മാത്രമെ കർകർക്ക് നൽകാനാവൂ എന്നാണ് സംഘം നൽകുന്ന വിശദീകരണം. ശമ്പള പരിഷ്കാരം പോലും നടപ്പാക്കാതെ പുതിയ തസ്തിക ഉണ്ടാക്കി കാലാവധി തീരാറായ ചില സംഘങ്ങൾ അനധികൃത നിയമനം നടത്തുന്നുവെന്നും പരാതിയുണ്ട്. ദീർഘവീക്ഷണമില്ലായ്മയും അഴിമതിയും ഉദ്യോഗസ്ഥ പിന്തുണയില്‍ വ്യാപകമായതോടെ, ലാഭത്തിലായിരുന്ന പലസംഘങ്ങളും ഇപ്പോൾ പ്രതിസന്ധിയിലായിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ക്ഷീരമേഖലയിലെ മുന്നേറ്റത്തെയും നല്ല നിലയിൽ പ്രവർത്തിക്കുന്ന സംഘങ്ങളെ തകർക്കാനുമുള്ള നീക്കമാണ് ഇതിനു പിന്നിലെന്നുമാണ് വകുപ്പിന്‍റെയും ഭരണ സമിതികളുടെയും നിലപാട്.

MORE IN CENTRAL
SHOW MORE