വണ്ടിപ്പെരിയാറിലെ ഗതാഗത കുരുക്കിന് ശമനം

Thumb Image
SHARE

ഇടുക്കി വണ്ടിപ്പെരിയാര്‍ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി വണ്ടിപ്പെരിയാര്‍ ജങ്ഷനെ  സംരക്ഷിച്ച് സമാന്തര പാത നിര്‍മിക്കാന്‍ തീരുമാനം. ഭരണാനുമതി ലഭിച്ചതോടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. കൊട്ടാരക്കര ദിണ്ടുക്കല്‍ ദേശീയപാത വികസനത്തിന്‍റെ ഭാഗമായാണ് സമാന്തര പാത വരുന്നത്. മുണ്ടക്കയം മുതൽ കുമളി വരെ, വികസനത്തിനായി 45 കോടി രൂപയാണ് ഒന്നാം ഘട്ടമായി ദേശീയപാത വികസന അതോറിറ്റി അനുവദിച്ചിട്ടുള്ളത്. ദേശീയപാതയോരത്തെ സബ് സ്റ്റേഷന് സമീപത്ത് നിന്ന് ആരംഭിക്കുന്ന സമാന്തര പാത ചുരക്കുളം ജംക്ഷനില്‍ അവസാനിക്കും. റോഡിന്‍റെ വീതി പതിമൂന്ന് മീറ്ററായി ഉയര്‍ത്തും. മൂന്നടി വീതിയില്‍ നടപ്പാതയും സജ്ജമാക്കും. 

കാലവര്‍ഷത്തില്‍ വെള്ളം ഉയര്‍ന്ന് ഗതാഗതകുരുക്കിന് കാരണമാകുന്ന ചുരക്കുളം കവല മുതല്‍ നെല്ലിമല വരെ റോഡ് ഒന്നരമീറ്റര്‍ ഉയര്‍ത്തും. ജില്ലാ അതിര്‍ത്തിയായ 35ാം മൈലില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിനി ബൈപ്പാസ് നിലവില്‍ വരും. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി വീട് നഷ്ടപ്പെടുന്നവര്‍ക്ക് മതിപ്പുവിലയുടെ ഇരട്ടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ദേശീയപാത വികസനത്തിന് ചുക്കാന്‍ പിടിച്ച ജോയ്സ് ജോർജ് എം പിക്ക് യോഗത്തിൽ സ്വീകരണo നൽകി. സാറ്റലൈറ്റ് സര്‍വേ ഉള്‍പ്പെടെ നടത്തി വിശദമായ പഠനത്തിന് ശേഷമാണ് ദേശീയപാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. 

MORE IN CENTRAL
SHOW MORE