ലോ ഫ്ലോർ ബസുകളുടെ ശവപറമ്പായി കെയുആർടിസി ആസ്ഥാനം

Thumb Image
SHARE

കെ.യു.ആര്‍.ടി.സിയുടെ കൊച്ചിയിലെ ആസ്ഥാനം ലോഫ്ളോർ ബസുകളുടെ ശവപറമ്പായി. തേവരയിലെ ആസ്ഥാനമന്ദിരത്തോട് ചേർന്നുള്ള ഗ്രൗണ്ടില്‍ സര്‍വീസ് നടത്തിയിരുന്ന അൻപതോളം ബസുകളാണ് അറ്റകുറ്റപണിയുടെ പേരില്‍ കിടന്ന് നശിക്കുന്നത്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാതെ കെ.എസ്.ആര്‍.ടി.സി നട്ടംതിരിയുമ്പോഴാണ് അനുബന്ധ സ്ഥാപനത്തിലെ ഈ കെടുകാര്യസ്ഥത. 

ഒരുകോടിയോളം വിലവരുന്ന വോൾവോ ലോഫ്ളോർ ബസുകള്‍ വെയിലും മഴയുമേറ്റ് നശിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പൊട്ടിയ ചില്ല് മാറ്റുന്നത് മുതല്‍ എൻജിൻ പണിവരെ ചെയ്യാനായി കയറ്റിയിട്ടിരിക്കുകയാണിതെല്ലാം. അതും ആസ്ഥാനത്തെ വിശാലമായ പറമ്പില്‍ അധികമാരും ശ്രദ്ധിക്കാത്ത സ്ഥലത്ത്. 

കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ലോഫ്ലോര്‍ ബസുകളുടെ അറ്റകുറ്റപ്പണിയുടെ ചെലവ് വഹിക്കേണ്ടത് കെ.യു.ആര്‍.ടി.സിയാണ്. എന്നാല്‍, കോടിക്കണക്കിന് രൂപ കുടിശിക വരുത്തിയതോടെ ഇനി അറ്റകുറ്റപ്പണി നടത്താനാകില്ലെന്ന് വാഹന നിര്‍മ്മാതാക്കള്‍ ചുമതലപ്പെടുത്തിയ ഡീലര്‍ മാസങ്ങള്‍ക്ക് മുമ്പെ കോർപ്പറേഷനെ അറിയിച്ചിരുന്നു. എന്നാൽ ഇന്നുവരെ ഒരു രൂപ പോലും നല്‍കിയിട്ടില്ല. കെ.എസ്.ആര്‍.ടി.സിക്ക് സ്പെയര്‍ പാട്സ് വാങ്ങാന്‍ പോലും പണമില്ലാത്ത സാഹചര്യത്തില്‍ കെ,യു.ആര്‍.ടി.സിയ്ക്ക് പണം നീക്കിവയ്ക്കാനില്ലെന്നാണ് മാനേജ്മെന്റ് നിലപാട്. നിര്‍ത്തിയിട്ടിരിക്കുന്ന ഭൂരിഭാഗം ബസുകളും ലാഭത്തിൽ ഒാടിയിരുന്നതാണ്. ബസുകള്‍ കൂട്ടത്തോടെ കട്ടപ്പുറത്തായതോടെ ഇതിലൊടിയിരുന്ന ജീവനക്കാരും ആസ്ഥാനത്ത് വെറുതെയിരിക്കുകയാണ്. 

MORE IN CENTRAL
SHOW MORE