ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കായുളള പ്രഥമ മൊബൈൽ ക്രഷ് കൊച്ചിയിൽ

mobile-crush
SHARE

ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കായുള്ള സംസ്ഥാനത്തെ ആദ്യത്തെ മൊബൈൽ ക്രഷ് കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ ശമ്പളക്കുടിശിക സംസ്ഥാന സർക്കാർ പൂർണമായും കൊടുത്തുതീർക്കുമെന്ന് സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അങ്കണവാടികൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. 

ഇതരസംസ്ഥാന തൊഴിലാളികളുടെ ആറുമാസം മുതല്‍ മൂന്നു വയസ്സുവരെയുള്ള കുട്ടികളുടെ പകല്‍സമയ പരിചരണമാണ് വില്ലിങ്ഡൻ ഐലൻഡില്‍ തുടങ്ങിയ മൊബൈല്‍ ക്രഷിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളെ വീട്ടില്‍ നിന്ന് കൊണ്ടുവരാനും തിരികെ വീട്ടിലെത്തിക്കാനും വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് ക്രഷിന്റെ പ്രവര്‍ത്തനസമയം. ഐസിഡിഎസ് പദ്ധതിക്കുള്ള കേന്ദ്രസഹായം കുറഞ്ഞു വരികയാണെന്ന് മൊബൈൽ ക്രഷ് ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അങ്കണവാടി പദ്ധതി ക്രമേണ അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിക്കണം. സംസ്ഥാനത്തെ മുപ്പത്തിമൂവായിരത്തോളം അങ്കണവാടികളുടെ നിലവാരമുയര്‍ത്താൻ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അങ്കണവാടി ജീവനക്കാരുടെ വർധിപ്പിച്ച ഓണറേറിയം സംസ്ഥാന സർക്കാർ നൽകുമെന്നും മന്ത്രി അറിയിച്ചു. 

കേരളത്തിൽ പുതിയതായി 250 ക്രഷുകൾ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ക്രഷുകളിൽ പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. 

MORE IN CENTRAL
SHOW MORE