റെയിൽ പാത ഇരട്ടിപ്പിക്കൽ 2020ൽ പൂർത്തിയാകുമെന്ന് മന്ത്രി

Thumb Image
SHARE

കോട്ടയം വഴിയുള്ള എറണാകുളം കായംകുളം റയിൽപാത ഇരട്ടിപ്പിക്കൽ രണ്ടായിരത്തി ഇരുപത് മേയിൽ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. പഴയ കോച്ചുകൾക്കു പകരം, ജർമനിയിൽ നിർമിക്കുന്ന എൽഎച്ച്‌വി കോച്ചുകൾ കേരളത്തിന് അനുവദിക്കും. കേരളത്തില്‍ ഉൽപാദനക്ഷമത കുറവായതിനാലാണ് പാലക്കാട് കോച്ച് ഫാക്ടറി നടപ്പാക്കാത്തതെന്നും കൊച്ചിയിൽ ചേർന്ന റയിൽവേ അവലോകനയോഗത്തിനുശേഷം കേന്ദ്രമന്ത്രി വിശദീകരിച്ചു. എറണാകുളം കായംകുളം പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാത്തതാണ് കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കാത്തതിനു കാരണമെന്നാണ് റയിൽവേയുടെ വിശദീകരണം. സ്ഥലമേറ്റെടുപ്പ് വൈകുന്നതാണ് പാത ഇരട്ടിപ്പിക്കൽ അനന്തമായി നീളാൻ കാരണം. 

സ്ഥലത്തിന്റെ വില നിശ്ചയിച്ചതായും ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അറിയിച്ചു. കുറുപ്പന്തറ മുതൽ കോട്ടയം വരെയുള്ള പാത ഇരട്ടിപ്പിക്കൽ ഈവർഷം മേയിൽ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ആലപ്പുഴ വഴിയുള്ള റയിൽപാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ 856 കോടി രൂപ ചെലവഴിക്കണമെന്നാണ് റയിൽവേയുടെ നിലപാട്. അങ്കമാലിയിൽ നിന്ന് എരുമേലിയിലേക്കുള്ള ശബരി പാതയുടെ ചെലവ് വഹിക്കുന്നതിനെച്ചൊല്ലി സംസ്ഥാന സർക്കാരും റയിൽവേയും രണ്ടുതട്ടിലായതിനാൽ പദ്ധതി അവതാളത്തിലായിരിക്കുകയാണ്. 

ഗുരുവായൂർ തിരുനാവായ പാതയുടെ സർവേ പൊലീസിന്റെ സഹായത്തോടെ പൂർത്തിയാക്കും. തലശേരി മൈസൂർ പുതിയ പാതയുടെ സർവേ തുടരുകയാണ്. 55,333 കോടി രൂപ ചെലവ് വരുന്ന തിരുവനന്തപുരം കാസർകോട് അതിവേഗ പാത, എരുമേലി പുനലൂർ പാത, ഏറ്റുമാനൂർ പാലാ ലിങ്ക്, എറണാകുളം ഓൾഡ് റയിൽവേസ്റ്റേഷൻ പുനരുദ്ധാരണം, വീഴിഞ്ഞം സീപോർട്ട് പാത എന്നീ നിർദേശങ്ങൾ സംസ്ഥാന സർക്കാർ റയിൽവേയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. 

MORE IN CENTRAL
SHOW MORE