എറണാകുളം റവന്യു ജില്ലാ കലോൽസവം: വിധി നിർണയത്തെ ചൊല്ലി തർക്കം

Thumb Image
SHARE

മൂവാറ്റുപുഴയിൽ നടക്കുന്ന എറണാകുളം റവന്യു ജില്ലാ കലോൽസവത്തിലെ വിധി നിർണയത്തെ ചൊല്ലി തർക്കം. യുപി വിഭാഗം കുച്ചിപ്പുടി മൽസരത്തിൻറെ വിധിനിർണയത്തിൽ അപാകതയുണ്ടെന്നാരോപിച്ച് മൽസരാർഥി ഒരു മണിക്കൂറോളം സ്റ്റേജിനു മുന്നിൽ കുത്തിയിരുന്നത് മൽസരങ്ങൾ തടസപ്പെടാൻ കാരണമായി. വിധിനിർണയത്തെ ചൊല്ലി രോഷാകുലനായ പിതാവ് ആത്മഹത്യാ ഭീഷണി മുഴക്കിയ േശഷം കുട്ടിയെ സ്റ്റേജിൽ നിന്ന് വലിച്ചെറിയാൻ ശ്രമിച്ചതും നാടകീയ രംഗങ്ങൾക്ക് വഴിവച്ചു. 

ഫോർട്ടു കൊച്ചി സെൻറ്് മേരീസ് സ്കൂളിലെ വിദ്യാർഥിനി സഹലയാണ് പ്രതിഷേധവുമായി റവന്യു ജില്ലാ കലോൽസവത്തിൻറെ അഞ്ചാം നമ്പർ വേദിയിൽ കുത്തിയിരുന്നത്. യുപി വിഭാഗം കുച്ചിപ്പുടിയിൽ സഹല മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഒന്നാം സ്ഥാനം നൽകാതിരുന്നതിനു പിന്നിൽ ക്രമക്കേടുണ്ടെന്നാണ് സഹലയുടെ പിതാവിൻറെ ആരോപണം. പണം വാങ്ങിയാണ് വിധിനിർണയം നടന്നതെന്നും പിതാവ് ആരോപിച്ചു. താനും മകളും ജീവനോടെ തിരികെ പോകുന്നില്ലെന്ന് പറഞ്ഞ് കുട്ടിയെ സ്റ്റേജിൽ നിന്ന് താഴേക്കെറിയാൻ പിതാവ് ശ്രമിച്ചെങ്കിലും അധ്യാപകരും പൊലീസും ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. 

ഒരു മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ ഏറെ പണിപ്പെട്ടാണ് മൽസരാർഥിയെയും പിതാവിനെയും അനുനയിപ്പിച്ച് മടക്കിയയച്ചത്. എന്നാൽ വിധിനിർണയത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന നിലപാടിലാണ് സംഘാടകർ. വിധിനിർണയത്തിലെ ക്രമക്കേടുകളൊഴിവാക്കാൻ കർശന നിബന്ധനകൾ വിദ്യാഭ്യാസ വകുപ്പ് ഇക്കുറി കൊണ്ടുവന്നെങ്കിലും ഇത് മതിയായ പ്രയോജനം ചെയ്തില്ലെന്നതിൻറെ സൂചന കൂടിയാണ് മൂവാറ്റുപുഴയിലെ സംഭവം. 

MORE IN CENTRAL
SHOW MORE