ട്രഷറി നിയന്ത്രണത്തില്‍ വലഞ്ഞ് തദ്ദേശ സ്ഥാപനങ്ങള്‍

Thumb Image
SHARE

ട്രഷറി നിയന്ത്രണത്തില്‍ വലഞ്ഞ് തദ്ദേശ സ്ഥാപനങ്ങള്‍. ബില്ല് മാറി കിട്ടാതായതോടെ തദേശ സ്ഥാപനങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത‌ടസപ്പെടുമെന്ന സ്ഥിതിയായി. എന്നാല്‍ സെര്‍വര്‍ അറ്റകുറ്റപ്പണിമൂലമാണ് ട്രഷറി ഇടപാടുകള്‍ മുടങ്ങിയതെന്നാണ് ഔദ്യോഗിക വിശദീകരണം. 

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിന്‍റെ ഒന്‍പതു ബില്ലുകളാണ് എടത്വ സബ് ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത്. പതിനഞ്ച് ലക്ഷത്തിലധികം രൂപയുടെ പദ്ധതികളാണിത്. ഇത്തരത്തില്‍ സംസ്ഥാന വ്യാപകമായി പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ പദ്ധതികളുടെയൊന്നും തുക നല്‍കുന്നില്ല. പഞ്ചായത്തുകളില്‍നിന്ന് ട്രഷറികളില്‍ ബന്ധപ്പെടുമ്പോള്‍ സെര്‍വര്‍ തകരാറാണെന്നും രണ്ടുദിവസംകൂടി പ്രതിസന്ധി തുടരുമെന്നുമാണ് നല്‍കുന്ന മറുപടി. 

ജിഎസ്ടി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കരാറുകാര്‍ സമരത്തിലായിരുന്നത് പദ്ധതികളെ ബാധിച്ചിരുന്നു. അതില്‍നിന്ന് കരകയറുന്നതിനിടെയാണ് പുതിയ സംഭവ വികാസം. എന്നാല്‍ തിരുവനന്തപുരത്തെ കോ-ബാങ്ക് ടവറില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സെര്‍വറും പുതിയ രണ്ട് സെര്‍വറുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് ഇടപാടുകള്‍ മുടങ്ങിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഉച്ചകഴിഞ്ഞാല്‍ സെര്‍വര്‍ ഡൗണ്‍ ചെയ്യും. അതുകൊണ്ട് ഉച്ചവരെയുള്ള ഇടപാടുകള്‍മാത്രമേ നടക്കൂ. സേവിങ്സ് ബാങ്ക് ഇടപാടുകള്‍ നടത്തുന്നതിന് തടസമില്ല. ഒന്നാംതീയതിവരെ പ്രതിസന്ധി തുടരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. അതേസമയം ധനപ്രതിസന്ധിയാണ് യഥാര്‍ഥകാരണമെന്നും, സാങ്കേതികപ്രശ്നങ്ങളാണെന്നത് പൊള്ളയായ വാദമാണെന്നും ആക്ഷേപമുണ്ട്.  

MORE IN CENTRAL
SHOW MORE