ശര്‍ക്കരയ്ക്ക് വില ഇടിയുന്നു: മറയൂർ ശര്‍ക്കര നിര്‍മാണം പ്രതിസന്ധിയില്‍

Thumb Image
SHARE

മറയൂരിൽ മഴയ്ക്ക് ശമനമായിട്ടും ശർക്കര നിർമാണം പൂർണതോതിൽ പുനരാരംഭിച്ചില്ല. ശര്‍ക്കരയ്ക്ക് വില ഉയരാത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. മറയൂരിൽ ഉത്പാദനം കുറഞ്ഞതോടെ വ്യാപാരികൾ തമിഴ്നാട്ടിലെ വ്യാജ ശർക്കരയെ ആശ്രയിച്ചതാണ് വില തകർച്ചയ്ക്ക് കാരണം. 

രണ്ടാഴ്ച മുമ്പുവരെ പെയ്ത കനത്ത മഴയും കോടമഞ്ഞും മറയൂരിൽ ശർക്കര ഉത്പാദനം പൂർണമായും തടസപ്പെടുത്തി. ലക്ഷങ്ങളുടെ നഷ്ടമാണ് കരിമ്പ് കർഷകർക്കുണ്ടായത്. ഈ അവസരം മുതലെടുത്ത് വ്യാപാരികൾ തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വ്യാജശർക്കര എത്തിച്ച് വിൽപന നടത്തി. മഴ ശമിച്ച് ശർക്കര നിർമാണം പുനരാരംഭിച്ചെങ്കിലും ന്യായ വില നൽകാൻ വ്യാപാരികൾ തയ്യാറല്ല. മഴയ്ക്ക മുമ്പ് ഒരു ചാക്ക് ശർക്കരയ്ക്ക് 3500 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് നിലവിൽ ലഭിക്കുന്നത് 3000 രൂപ മാത്രമാണ്. പൊതുവെ ഉത്പാദനം കുറഞ്ഞാൽ വിലകൂടുകയാണ് പതിവ്. എന്നാൽ വ്യാജശർക്കര വിപണി കീഴടക്കിയതോടെ മറയൂർ ശർക്കരയുടെ വില കൂപ്പുകുത്തി. 

അറുപത് കിലോ അടങ്ങുന്ന ഒരു ചാക്ക് മറയൂർ ശർക്കരയുടെ ഉത്പാദനത്തിന് 3500 രൂപയിലേറെ ചെലവുണ്ട്.

തമിഴ്നാട്ടിൽ നിന്നെത്തുന്ന വ്യാജ ശർക്കരയ്ക്ക് ഉത്പാദന ചെലവ് 2000 രൂപയിൽ താഴെയാണ്. മധുരവും നിറവും വർധിപ്പിക്കാൻ രാസവസ്തുക്കൾ ചേർത്താണ് മറയൂർ ശർക്കരയുടെ നിർമാണം. കിലോയ്ക്ക് 25 രൂപ നിരക്കിൽ ലഭിക്കുന്ന വ്യാജൻ അറുപത് രൂപയ്ക്കാണ് വ്യാപാരികൾ വിറ്റഴിക്കുന്നത്. വ്യാജശർക്കരയുടെ വരവ് തടയണമെന്ന് കർഷകർ സർക്കാരിനോട് പലതവണ ആവശ്യപെട്ടിട്ടും നടപടിയൊന്നു ഉണ്ടായില്ല. 

MORE IN CENTRAL
SHOW MORE