മുല്ലപ്പെരിയാറിന്റെ സാങ്കേതിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിദഗ്ധരുടെ യോഗം ചേരും

Thumb Image
SHARE

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സാങ്കേതിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരുമാസത്തിനകം വിദഗ്ധരുടെ യോഗം ചേരും. സ്പിൽവേ ഷട്ടറിന്റെ പ്രവർത്തനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേരളം ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് നടപടി. ചൊവ്വാഴ്ച അണക്കെട്ട് സന്ദർശിച്ച ശേഷം മേൽനോട്ട സമിതിയുടെ തീരുമാനം തമിഴ്നാടിന് തിരിച്ചടിയായി. 

ഒന്നരവർഷത്തിനു ശേഷമാണ് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തുന്നത്. ജലനിരപ്പ് 128 അടി പിന്നിട്ടപ്പോൾ അണക്കെട്ടിൽ പുതിയ ചോർച്ച കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടികാട്ടി കേരളം നടത്തിയ സമ്മർദ തന്ത്രമാണ് സമിതിയുടെ സന്ദർശനത്തിന് കാരണം. ചെയർമാൻ ഗുൽസൺ രാജ്, കേരളത്തിന്റെ പ്രതിനിധി ടിങ്കു ബിസ്വാൾ, തമിഴ്നാട് പ്രതിനിധി എസ്.കെ പ്രഭാകർ എന്നിവർ അണക്കെട്ടിൽ വിശദമായ പരിശോധന നടത്തി. അണക്കെട്ടിലെ ഷട്ടർ ഓപ്പറേഷൻ മാനുവൽ, സ്പന്ദമാപിനികളുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ കേരളം ആശങ്ക അറിയിച്ചു. ജലനിരപ്പ് ഉയരുമ്പോൾ സ്പിൽവേയിലെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച ഓപ്പറേഷൻ മാനുവൽ കഴിഞ്ഞ രണ്ടു വർഷമായി തമിഴ്നാട് കേരളത്തിന് നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സമിതി വിദഗ്ദരുടെ യോഗം വിളിച്ചത്. 

അണക്കെട്ടിൽ നടത്തുന്ന അറ്റകുറ്റപ്പണികൾക്ക് മേൽനോട്ട സമിതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് തമിഴ്നാടിന് നിർദ്ദേശം നൽകി. പൊലീസ് ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും ആവശ്യപ്പെട്ടു. ഉപസമിതി ചെയർമാന് അസൗകര്യം നേരിട്ടാൽ സമിതിയിലെ ഇരു സംസ്ഥാനങ്ങളിലെയും പ്രതിനിധികൾക്ക് സംയുക്തമായി പരിശോധന നടത്താം. അടിയന്തിര സാഹചര്യങ്ങളില്ലെങ്കിൽ മേൽനോട്ട സമിതിയുടെ അടുത്ത സന്ദർശനം 2018 ഏപ്രിലിലായിരിക്കും. 

MORE IN CENTRAL
SHOW MORE