യാത്രക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

Thumb Image
SHARE

യാത്രക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. ഒരു ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മടക്കയാത്ര സൗജന്യമാക്കി. ഇന്നുമുതല്‍ അടുത്തമാസം 23 വരെയാണ് ഇളവ്. 

സ്ഥിരം യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും, കൂടുതല്‍ പുതിയ യാത്രക്കാരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് കൊച്ചി മെട്രോ നിരക്കിളവുകള്‍ പ്രഖ്യാപിച്ചത്. നിലവിലെ വിലയ്ക്ക് ടിക്കറ്റെടുത്താല്‍ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് സൗജന്യമായി നല്‍കും. നവംബര്‍ പതിനാലു മുതല്‍ ഡിസംബര്‍ 23 വരെയാണ് ഇളവുണ്ടാവുക. യാത്രക്കാര്‍ക്ക് നിരക്കിളവുകള്‍ നല്‍കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ പരിഗണനയിലാണെന്ന് കെഎംആര്‍എല്‍ അറിയിച്ചു. സീസണ്‍ പാസുകള്‍ , ദിവസ, പ്രതിവാര, പ്രതിമാസ പാസുകള്‍ വിദ്യാര്‍ഥികള്‍ക്കായി സ്പെഷല്‍ പാസുകള്‍ തുടങ്ങിയവയാണ് കെ.എം.ആര്‍എല്ലിന്റെ പരിഗണനയിലുള്ളത്. ഇത് നടപ്പാക്കാന്‍ സമയമെടുക്കുമെന്നതിനാലാണ് തല്‍ക്കാലം മടക്കയാത്ര സൗജന്യമാക്കിയത്. ഒരു ദിവസം എടുക്കുന്ന ടിക്കറ്റുകൊണ്ട് അതേദിവസം തന്നെ മടക്കയാത്ര നടത്തിയാല്‍ മാത്രമേ ആനുകൂല്യം ലഭിക്കൂ. കൊച്ചി വണ്‍ കാര്‍ഡ് എടുത്തിരിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ബാധകമല്ലെന്ന് കെ.എം.ആര്‍എല്‍ അറിയിച്ചു. 

നഗര റോഡുകളിലെ ഗതാഗതക്കുരുക്ക് കുറച്ച്, അതുവഴി അന്തരീക്ഷമലിനീകരണവും കുറയ്ക്കുക, കാറുകളും ഇരുചക്രവാഹനങ്ങളും ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആനുകൂല്യങ്ങള്‍ കൊണ്ടുവരുന്നതെന്ന് കെ.എം.ആര്‍എല്‍ എം.ഡി. എ.പിഎം മുഹമ്മദ് ഹനീഷ് അറിയിച്ചു. കൊച്ചി മെട്രോ പാലാരിവട്ടത്ത് നിന്ന് മഹാരാജാസ് കോളജ് വരെ നീട്ടിയതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിരുന്നു. എന്നാല്‍ ഉയര്‍ന്ന യാത്രാനിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചത്. 

MORE IN CENTRAL
SHOW MORE