പുഴകളിൽ നിന്നും മണൽവാരൽ; നടപടികൾ കർശനമാക്കി റവന്യൂ വകുപ്പ്

Thumb Image
SHARE

തൊടുപുഴ താലൂക്കിൽ പുഴകളിൽ നിന്നുള്ള അനധികൃത മണൽവാരൽ നിയന്ത്രിക്കാൻ റവന്യൂ വകുപ്പ് നടപടികൾ കർശനമാക്കി. പുഴയോരത്തും മണൽവാരൽ വ്യാപകമായ മേഖലയിലും പരിശോധനക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ആദ്യദിനം നടത്തിയ പരിശോധനയിൽ അനധികൃതമായി വാരിയ 325 ചാക്ക് മണൽ പിടികൂടി. 

തൊടുപുഴ താലൂക്കിൽ പുഴകളിൽ നിന്ന് വ്യാപകമായി മണൽവാരി കടത്തുന്നുണ്ട്. മണൽമാഫിയ സജീവമായ വടക്കനാറിൽ നിന്ന് ആയിരകണക്കിന് ചാക്ക് മണലാണ് ദിവസേന കടത്തുന്നത്. രാത്രിയിൽ ചെറുവാഹനങ്ങളിലാക്കി ഇവ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. നാട്ടുകാരുടെ പരാതിയെതുടർന്ന് പൊലീസ് പലതവണ പരിശോധന നടത്തിയെങ്കിലും ഒരാളെപോലും പിടികൂടാനായില്ല. പൊലീസ് എത്തുന്നതിന് മുൻപ് തന്നെ മണൽമാഫിയ സ്ഥലം വിടും. പരാതികൾ വ്യാപകമായതോടെയാണ് തൊടുപുഴ തഹസിൽദാർ ഷൈജു ജേക്കബ് മണൽമാഫിയക്കെതിരെ നടപടി കർശനമാക്കിയത്. വടക്കനാറിലായിരുന്നു ആദ്യദിനത്തിലെ പരിശോധന. വെള്ളിയാമറ്റം - അനക്കയം റോഡിൽ രണ്ട് സ്ഥലത്തായി ഒളിപ്പിച്ച 325 ചാക്ക് മണൽ കണ്ടെത്തി. പിടികൂടിയ മണൽ ജോലിക്കാരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ പുഴയിൽ തന്നെ തിരികെ നിക്ഷേപിച്ചു. 

വടക്കനാറിൽ നിന്ന് വാരുന്ന മണൽ ചെറുവാഹനങ്ങളിൽ തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയിലെത്തിച്ചാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചിരുന്നത്. രാത്രിയിലുൾപ്പെടെ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. കേരള നദീതട സംരക്ഷണവും മണൽ വാരൽ നിയന്ത്രണ നിയമവും അനുസരിച്ച് കേസെടുത്ത് പ്രതികളെ പിടികൂടണമെന്ന് പൊലീസിനും തഹസിൽദാർ കർശന നിർദേശം നൽകി. 

MORE IN CENTRAL
SHOW MORE