വാഗമണിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കണമെന്ന ഉത്തരവിന് പുല്ലുവില

Thumb Image
SHARE

വാഗമണിൽ റിസോർട്ട് മാഫിയ കയ്യേറിയ ഭൂമി ഒഴിപ്പിച്ച് ഉടമകൾക്ക് നൽകണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന് പുല്ലുവില. ഉത്തരവിറങ്ങി നാല് വർഷം കഴിഞ്ഞിട്ടും ഭുമി ഉടമകൾക്ക് നൽകാൻ ഇടുക്കി ജില്ലാ കലക്ടർ നടപടി സ്വീകരിച്ചില്ല. റവന്യൂ ഉദ്യോഗസ്ഥരും കയ്യൊഴിഞ്ഞതോടെ സഹായം തേടിയ ഭൂരഹിതരോട് ഭൂമി കയ്യേറാൻ എംഎൽഎയുടെ നിർദേശം. 

കയ്യേറ്റക്കാർ സ്വന്തമാക്കിയ ഭൂമി തിരിച്ചുപിടിക്കാൻ വണ്ടിപ്പെരിയാർ സ്വദേശി പി.സൈനുദ്ദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മുപ്പത് വർഷമായി പോരാടുകയാണ് അഞ്ച് കുടുംബങ്ങൾ. 1984ൽ വാഗമണിൽ 751 സർവേ നമ്പറിലെ അഞ്ചേക്കർ ഭൂമി സർക്കാർ ഇവർക്ക് അനുവദിച്ചു. പട്ടയം ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടായിട്ടും സ്വന്തം ഭൂമിയിൽ കാലുകുത്താൻ ഇവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥരെ വിലയ്ക്കുവാങ്ങിയ റിസോർട്ട് മാഫിയ ഇവരെ ആട്ടിപ്പായിച്ചു ഭൂമിയിലേക്ക് പ്രവേശനം നിഷേധിച്ച് കൂറ്റൻ കമ്പിവേലികളും സ്ഥാപിച്ചു. കയ്യേറ്റം ഒഴിപ്പിച്ച് ഭൂമി യഥാർഥ ഉടമകൾക്ക് നൽകാൻ 2013 ഫെബ്രുവരി 11ന്് മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടു. ഈ ഉത്തരവ് ജില്ലാ കലക്ടർ കണ്ടഭാവം നടിച്ചില്ല. ഒടുവിൽ റവന്യൂ വകുപ്പ് മന്ത്രിയുടെ പാർട്ടിക്കാരിയായ സ്ഥലം എംഎൽഎ ഇ.എസ്. ബിജിമോളുടെ സഹായം തേടി. 

ഇതിനിടെ വ്യാജപട്ടയം തയ്യാറാക്കി ഭൂമി റിസോർട്ട് ഉടമയുടെ പേരിലാക്കി നൽകാൻ റവന്യൂ ഉദ്യോഗസ്ഥരും ശ്രമിച്ചു. തെളിവുകൾ സഹിതം പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ല. നീതി തേടി പാതി തളർന്ന ശരീരവുമായി സർക്കാർ ഓഫിസുകൾ കയറി ഇറങ്ങുകയാണ് സൈനുദ്ദിനും കൂട്ടരും. 

MORE IN CENTRAL
SHOW MORE