തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ റോഡ് മുഴുവനായി തകര്‍ന്ന മുതുവറയില്‍ കോണ്‍ക്രീറ്റ് കട്ട വിരിച്ചു തുടങ്ങി. മൂന്നു മന്ത്രിമാരുള്ള ജില്ലയില്‍ റോഡ് തകര്‍ന്നതിന് സ്ഥലത്തെ കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് എതിരെ ഡി.വൈ.എഫ്.ഐ. ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത് വിവാദമായിരുന്നു.
കുണ്ടും കുഴിയും നിറഞ്ഞ് കാലങ്ങളായി ദുരിത യാത്രയായിരുന്നു ഈ വഴി. തൃശൂരില്‍ നിന്ന് വടക്കന്‍ ജില്ലകളിലേക്ക് പോകാനുള്ള സംസ്ഥാന പാത. എത്ര തവണ ടാര്‍ ചെയ്തിട്ടും ടാര്‍ ഒലിച്ചു പോയി കുഴിയാകും. അവസാനം, കോണ്‍ക്രീറ്റ് കട്ട വിരിച്ചാണ് പരിഹാരം കണ്ടത്. തൃശൂര്‍ ജില്ലയിലെ ഏക കോണ്‍ഗ്രസ് എം.എല്‍.എയാണ് റോഡ് തകര്‍ന്നതിന് ഉത്തരവാദിയെന്ന മട്ടില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതോടെ റോഡിന്റെ പേരില്‍ തര്‍ക്കവും മുറുകിയിരുന്നു. രാഷ്ട്രീയമായ മറുപടി കൂടിയായിരുന്നു എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഈ റോഡു പണി. റോഡു നേരെയാക്കാന്‍ പണം അനുവദിച്ചതിന് മന്ത്രി ജി.സുധാകരന് നന്ദിപറയാനും കോണ്‍ഗ്രസ് എം.എല്‍.എ. മറന്നില്ല.
ഒരു മാസത്തിനകം റോഡ് പണി പൂര്‍ത്തിയാകും. നവംബര്‍ ഒന്നു മുതല്‍ തൃശൂര്‍.കുറ്റിപ്പുറം സംസ്ഥാന പാതയില്‍ യാത്രാ ദുരിതത്തിന് പരിഹാരമാകും. പുഴയ്ക്കല്‍ , മുതുവറ ബ്ലോക്കുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഗതാഗത കുരുക്കും റോഡു പണി തീരുന്നതോടെ അവസാനിക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.