യുവാവിന്റെ കണ്പോളയില് തടഞ്ഞ വിരയെ മാസങ്ങള്‍ക്കുശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പത്തുസെന്റിമീറ്റര്‍ നീളമുള്ള വിരയെയാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. കൊച്ചി കിംസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
കണ്ണുവേദനയുമായി കഴിഞ്ഞ നവംബറിലാണ് കൊച്ചി ഗാന്ധിനഗര്‍ സ്വദേശിയായ യുവാവ് നഗരത്തിലെ കണ്ണുഡോക്ടറെയാണ് ആദ്യം കണ്ടത്. ഡോക്ടര്‍ നല്കിയ ഗുളിക കഴിച്ചതോടെ സുഖമായെങ്കിലും മാസങ്ങള്‍ക്കുശേഷം വീണ്ടും വേദന തുടങ്ങി. അഞ്ചുദിവസം മുന്‍പാണ് മുഖത്തിന് ഇടതുവശത്ത് നീരുവന്ന വീര്‍ത്ത നിലയില്‍ യുവാവ് കൊച്ചിയിലെ കിംസ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നീരുവന്നു വീര്‍ത്ത ഭാഗത്ത് ശസ്ത്രക്രിയ നടത്തിയതോടെയാണ് പത്തു സെന്റിമീറ്റര്‍ നീളമുള്ള വിരയെ കണ്ടെത്തിയത്.
കണ്‍പോളയില്‍നിന്ന് വിര മുഖത്തെ മാംസപേശിയിലേക്ക് സ്ഥാനംമാറിയതോടെ മുഖം നീരുകൊണ്ട് നിറയുകയായിരുന്നു. ഏതിനത്തിലുള്ള വിരയാണെന്നും എങ്ങനെ ഇത് യുവാവിന്റെ ശരീരത്തിലേക്കെത്തിയെന്നും വിശദമായ പരിശോധനയ്ക്കുശേഷമെ കണ്ടെത്താനാകൂ.