സൈക്കിൾ റിപ്പയർഷോപ്പുകൾ ഒരുപാടുള്ള ഒരുകാലമുണ്ടായിരുന്നു നമുക്ക്. അപൂർവമായെങ്കിലും സൈക്കിൾ റിപ്പയർ ഷോപ്പുകൾ ഇന്നും നിലനിൽക്കുന്നത് ചിലർക്കെങ്കിലും ആ തൊഴിലിനോടുള്ള അത്മബന്ധംകൊണ്ടാണ്. മാറ്റത്തിനൊപ്പം, പഴമയുടെകഥയും ഒരുപാട് പറയാനുണ്ടവർക്ക്.
അക്കാലത്തെ വലിയമോഹങ്ങളിലൊന്നായിരുന്നു സ്വന്തമായൊരു സൈക്കിൾ. വാടകക്കെടുത്ത സൈക്കിളിൽ എത്രയോവട്ടം ഇങ്ങനെ മഴച്ചാറ്റലിൽ നാട്ടുകാർക്കും കൂട്ടുകാർക്കും മുന്നിൽ ഗമകാട്ടിയതാണ്.
തകരാറിലായ സൈക്കിൾ നന്നാക്കാൻ ഒരുപാട് റിപ്പയർഷോപ്പുകളുണ്ടായിരുന്നു. ഇന്നങ്ങനെയല്ല. തിരക്കൊഴിയാതിരുന്ന സൈക്കിൾ നന്നാക്കൽകേന്ദ്രങ്ങളിൽ ആളൊഴിഞ്ഞു.
വല്ലപ്പോഴും ഒരുസൈക്കിളെത്തിയാൽ പണത്തിനപ്പുറം തൊഴിലിന്റെ സംതൃപ്തിയാണ് അവർക്കുള്ളത്. പുതിയവരാരുമില്ല. പണ്ടേയുള്ളവർ മാത്രമാണ് അവശേഷിക്കുന്നത്. അതുകൂടികഴിഞ്ഞാൽ ഒരുതൊഴിൽ ശീലിച്ചവർ ഭൂതകാലത്തിന്റെ ഭാഗം മാത്രം.