ആലപ്പുഴ മുനിസിപ്പല്‍ ചെയര്മാന് മാടമ്പിത്തരം കാണിക്കുകയാണെന്ന് മന്ത്രി ജി.സുധാകരന്. ജനറല്‍ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് നടത്തിയതെന്നും സുധാകരന് ആരോപിച്ചു. രാഷ്ട്രീയംകളിച്ചാല് മുനിസിപ്പാലിറ്റിക്ക് നല്കിയ ജനറല്‍ ആശുപത്രി ആരോഗ്യവകുപ്പ് തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനചടങ്ങില്‍നിന്ന് മന്ത്രി ജി.സുധാകരന് വിട്ടുനിന്നിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതി ഉദ്ഘാടനത്തിന് സ്ഥലം എം.പി സ്വിച്ച് ഒാണ് കര്‍മം നിര്‍വഹിക്കുന്നത് ശരിയല്ലെന്നാണ് മന്ത്രിയുടെ പക്ഷം. എല്‍ഡിഎഫ് അംഗങ്ങള്‍ ബഹിഷ്കരിച്ച ചടങ്ങില്‍ താനും വിട്ടുനില്‍ക്കാനുള്ള കാരണം മന്ത്രി വിശദമാക്കി
യുഡിഎഫ് ഭരിക്കുന്ന മുനിസിപ്പാലിറ്റിയുടെ രാഷ്ട്രീയമായ നീക്കത്തയും മന്ത്രി വിമര്‍ശിച്ചു. ചെയര്മാന് തോമസ് ജോസഫ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെപോലും കൃത്യമായി അറിയിക്കാതെയാണ് ചടങ്ങ് നടത്തിയതെന്നും വിട്ടുനിന്ന തന്നെ മാടമ്പിയെന്ന് ആക്ഷേപിക്കുകയുമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ രണ്ടുകോടി രൂപ ചെലവില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചത്.