പുലിക്കളിക്കു മുന്നോടിയായുള്ള ചമയപ്രദര്‍ശനം തൃശൂരില്‍ തുടങ്ങി. വ്യാഴാഴ്ചയാണ് പുലിക്കളി. ഇക്കുറി, മൂന്നൂറോളം പുലികള്‍ ഇറങ്ങും.
ആറു സംഘങ്ങളാണ് പുലികളുമായി തൃശൂര്‍ നഗരത്തിലിറങ്ങുക. പുലികള്‍ അണിയുന്ന മുഖവും അരമണിയും മറ്റും ജനങ്ങള്‍ക്കു കാണാനാണ് പ്രദര്‍ശനം ഒരുക്കിയത്. തൃശൂര്‍ പൂരത്തിന് ആനച്ചമയങ്ങളുടെ പ്രദര്‍ശനത്തിന്റെ അതേമാതൃകയില്‍ തന്നെയാണ് പുലിച്ചമയങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നത്. പുലിമുഖങ്ങളില് രൗദ്ര ഭാവം പരമാവധി കൊണ്ടുവരാനാണ് സംഘാടകരുടെ ശ്രമം. പുലിച്ചമയത്തിന്റെ പ്രദര്‍ശനോദ്ഘാടനം മന്ത്രി എ.സി.മൊയ്തീന് നിര്‍വഹിച്ചു. മന്ത്രി സി.രവീന്ദ്രനാഥ് ചെണ്ട കൊട്ടിയാണ് ചമയ പ്രദര്‍ശനത്തില്‍ സാന്നിധ്യമറിയിച്ചത്. പുലികളുടെ ദേഹത്തു തേയ്ക്കാനുള്ള ചായം അരയ്ക്കാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് ദേശക്കാര്‍.