കെ.സി.മാമ്മന്‍ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള അറുപത്തിയൊന്നാമത് നീരേറ്റുപുറം പമ്പാ ജലമേള നാളെ. ചുണ്ടന് വള്ളങ്ങളടക്കം മുപ്പത്തിയാറ് വള്ളങ്ങളാണ് ഇത്തവണ മല്‍സരിക്കാനിറങ്ങുന്നത്.
മല്‍സരാര്‍ഥികളും സംഘാടകരുമെല്ലാം അവസാനവട്ട തയാറെടുപ്പിലാണ്. ട്രാക്കും പവലിയനുമെല്ലാം പൂര്‍ത്തിയായി. സ്ഥിരം പവലിയന്കൂടാതെ ഫിനിഷിങ് പോയിന്റില്‍ വിവിഐപികള്‍ക്കായി ജങ്കാറില്‍ സ്പെഷല്‍ പവലിയന് സജ്ജീകരിക്കും. എട്ട് ചുണ്ടന്‍വള്ളങ്ങളടക്കം മുപ്പത്തിയാറ് വള്ളങ്ങള്‍ പങ്കെടുക്കുന്ന ജലമേളയ്ക്കായി വിപുലമായി സുരക്ഷാ സംവിധാനങ്ങളും, കെ.എസ്.ആര്.ടി.സിയുടെ സ്പെഷല്‍ സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്. ഫോട്ടോ ഫിനിഷ്, വെബ് കാസ്റ്റിങ് സംവിധാനങ്ങളും ഇത്തവണ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
തുഴച്ചില്‍ക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കാത്ത വള്ളങ്ങളെ അയോഗ്യരാക്കും. പ്രാഥമിക മല്‍സരങ്ങള്‍ രണ്ട് ട്രാക്കിലായും ഫൈനല്‍ മല്‍സരങ്ങള്‍ മൂന്ന് ട്രാക്കിലുമായാണ് നടത്തുന്നത്. മല്‍സരങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന് നാളെ രണ്ടരയ്ക്ക് ഉദ്ഘാടനം ചെയ്യും.