പാവപ്പെട്ട കുട്ടികളെ ഉന്നതവിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്ന മാതൃകാപദ്ധതി നാലാംവര്‍ഷത്തിലേക്ക്. അരൂര്‍ നിയമസഭാമണ്ഡലത്തിലാണ് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നല്‍കുന്നത്. 120 കുട്ടികളാണ് ഇത്തവണ പഠിക്കാനെത്തുന്നത്
അരൂര്‍ എം.എല്‍എ എ.എം ആരിഫ് മുന്‍കൈയെടുത്ത് മൂന്നുവര്‍ഷം മുമ്പാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രവേശനപരീക്ഷയ്ക്ക് സൗജന്യമായി പരിശീലനം നല്‍കുകയായിരുന്നു ലക്ഷ്യം. സര്‍ക്കാരിന്റെ പ്രത്യേക അനുമതി നേടിയെടുത്താണ് പദ്ധതി മുന്നോട്ടുപോകുന്നത്. മണ്ഡലത്തിലെ 11 പഞ്ചായത്തുകളില്‍ നിന്നാണ് അര്‍ഹരായ കുട്ടികളെ തിരഞ്ഞെടുത്തത്. ചന്ദിരൂരിലെയും വടുതലയിലെയും ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലാണ് പരിശീലനം.
ക്ലാസെടുക്കാനെത്തുന്നത് സ്വകാര്യ എന്‍ട്രസ് കോച്ചിങ്സെന്ററുകളില് മണിക്കൂറിന് വില പറയുന്ന അധ്യാപകരും. നാലാമത് ബാച്ചിന്റെ പ്രവേശനം പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ.രാമചന്ദ്രന് ക്ലാസെടുത്ത് ഉദ്ഘാടനംചെയ്തു. കഴിഞ്ഞവര്‍ഷം ഇവിടുത്തെ 32 വിദ്യാര്‍ഥികളാണ് എന്ജിനീയരിങ്ങിന് മെറിറ്റില്‍ പ്രവേശനം നേടിയത്. ഒരു കുട്ടിക്ക് എം.ബി.ബി.എസിനും മറ്റൊരാള്‍ക്ക് ബിഡിഎസിനും പ്രവേശനം ലഭിച്ചിരുന്നു.