അമ്മയുടെ മരണത്തെത്തുടര്‍ന്ന് ആശ്രിത നിയമനത്തിന് അപേക്ഷ നല്കിയ മകള്‍ക്ക് കാല്‍നൂറ്റാണ്ടിനുശേഷവും ജോലി നല്‍കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തൃശൂര്‍ കോടന്നൂര്‍ പള്ളിപ്പുറം സ്വദേശി സുജാതയാണ് ജോലിതേടി ഓഫിസുകള്‍ കയറിയിറങ്ങുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വടക്കന്‍ പറവൂര്‍ ഗ്രൂപ്പില്‍ പെരുവാരം പൈങ്കല്‍ ദേവസ്വത്തില്‍ ജീവനക്കാരിയായിരുന്ന അമ്മ ദേവയാനി മരിക്കുമ്പോള്‍ സുജാതയ്ക്ക് വയസ് 26. ശമ്പളക്കുടിശികയും, മറ്റ് ആനുകൂല്യങ്ങളും ആശ്രിതനിയമനവും ആവശ്യപ്പെട്ട് അതേവര്‍ഷം തന്നെ അപേക്ഷ നല്കി. വയസ് അന്‍പതായിട്ടും സുജാതയ്ക്ക് ജോലി ലഭിച്ചില്ല. നിയമനം നീണ്ടുപോയതോടെ ഭര്‍ത്താവ് ഉദയനൊപ്പം ദേവസ്വം ബോര്‍ഡ് ഓഫിസുകള്‍ പലതവണ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ല. ഇതിനിടയില്‍ ഏക ആശ്രയമായിരുന്ന ഭര്‍ത്താവും മരിച്ചു. രണ്ടു കുട്ടികളുടെ സംരക്ഷണം പൂര്‍ണമായും ഏറ്റെടുക്കേണ്ടിവന്നതോടെ ജീവിതം ദുരിതമയമായി. ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 1999ലും 2007ലും ദേവസ്വം കമ്മിഷണര്‍ ഓഫിസില്‍ നിന്ന് പറവൂരിലെ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തനിക്ക് നിയമനം നിഷേധിക്കുന്നതിനു പിന്നില്‍ ദേവസ്വം ബോര്‍ഡിലെ ചില തല്പരകക്ഷികളാണെന്നാണ് സുജാതയുടെ ആരോപണം.
അര്‍ഹതപ്പെട്ട ജോലി ചെയ്യാന്‍ ഇനിയും എത്ര കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയില്‍ ജീവിതം തള്ളിനീക്കുകയാണ് സുജാത.