പെരുമ്പാവൂരിലെ ഭായിമാര്‍ ഇനി മലയാളം പറയുക മാത്രമല്ല എഴുതുകയും ചെയ്യും. ഇതര സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കാനുളള സാക്ഷരതാ മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് പെരുമ്പാവൂരില്‍ തുടക്കമായി.
പണിയായുധങ്ങള്‍ മാറ്റിവച്ച് ഭായിമാര്‍ ക്ലാസ് മുറിയില്‍ നിരന്നിരുന്നു. കയ്യില്‍ വര്ണക്കവര് പേജുളള മലയാളം പുസ്തകവുമായി. പിന്നാലെ മാഷെത്തി. ക്ലാസ് തുടങ്ങി. ഇതര സംസ്ഥാന തൊഴിലാളികളെയും സാക്ഷരരാക്കാനുളള ചങ്ങാതി എന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ക്ലാസ്. ക്ലാസൊക്കെ കൊളളാമെങ്കിലും മലയാളം പഠിക്കാന്‍ അല്പം പാടാണെന്നാണ് തൊഴിലാളികളുടെ പക്ഷം.
പെരുമ്പാവൂരില്‍ തുടങ്ങിയ പദ്ധതി സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കാനാണ് സാക്ഷരതാ മിഷന് തീരുമാനം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.