വീടുകള്‍ കയറിയിറങ്ങി മീന്‍ വില്‍ക്കുന്ന സ്ത്രീകളുടെ ജോലിഭാരം കുറയ്ക്കാന്‍ ട്രോളി പാത്രങ്ങള്‍ വരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറിക് ഏംഗല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്പന ചെയ്ത ട്രോളി പാത്രങ്ങള്‍ കൊച്ചിയില്‍ പുറത്തിറക്കി.
കൊച്ചി മറൈന്‍ ഡ്രൈവില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ പി. മോഹന്‍ദാസും പി.ടി.തോമസ് എം.എല്‍എയും ചേര്‍ന്നാണ് ട്രോളി പാത്രങ്ങള്‍ പ്രകാശനം ചെയ്തത്. ഓടുന്ന ബോട്ടിലായിരുന്നു പരിപാടി. മീന്‍ നിറച്ച ഭാരമുള്ള കുട്ടകള്‍ നിരന്തരം ചുമക്കുന്നതുമൂലം മല്‍സ്യത്തൊഴിലാളി സ്ത്രീകള്‍ക്കുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുകയാണ് ട്രോളി പാത്രങ്ങളുടെ ലക്ഷ്യം. ചക്രങ്ങള്‍ ഘടിപ്പിച്ചതും മടക്കാവുന്ന പിടിയുള്ളതുമായ ട്രോളി പാത്രങ്ങള്‍ മല്‍സ്യത്തൊഴിലാളി സ്ത്രീകള്‍ക്കു വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് ഇത് രൂപകല്പന ചെയ്തവരുടെ ആവശ്യം.
മല്‍സ്യത്തൊഴിലാളി സ്ത്രീകളുടെ ജോലിഭാരം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കോടതിയേയും മനുഷ്യാവകാശ കമ്മിഷനേയും സമീപിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.