മെട്രോ നിര്‍മാണം സ്തംഭിപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ സമരം. മെട്രോ കരാറുകാരായ സോമ കണ്‍സ്ട്രക്ഷന്‍സ് ആറു മാസത്തെ ശമ്പളക്കുടിശിക നല്കാനുണ്ടെന്നാരോപിച്ചാണ് ഇരുന്നൂറ്റമ്പതോളം തൊഴിലാളികള്‍ സമരം നടത്തുന്നത്. ഇതോടെ കലൂര്‍ മഹാരാജാസ് പാതയിലും കടവന്ത്ര വൈറ്റില പാതയിലും മെട്രോ നിര്‍മാണം പൂര്‍ണമായും നിലച്ചു.
കഴിഞ്ഞ പത്തു ദിവസമായി ഏലൂരിലെ സോമ കണ്‍സ്ട്രക്ഷന്‍സ് യാര്‍ഡിന്റെ വാതില്‍ അടഞ്ഞു കിടക്കുകയാണ്. ആറു മാസത്തെ ശമ്പള കുടിശിക നല്‍കാതെ സോമ കണ്‍സ്ട്രക്ഷന്‍സ് മേധാവികളെ യാര്‍ഡിലേക്ക് കടത്തി വിടില്ലെന്നുറപ്പിച്ചാണ് ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ വാതിലടച്ചത്. സൂചനാ സമരമായി തുടങ്ങിയ പ്രതിഷേധം സോമ കണ്‍സ്ട്രക്ഷന്‍സ് വകവയ്ക്കാതെ വന്നതോടെയാണ് മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിപ്പിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.
പതിമൂവായിരം രൂപ മുതല്‍ ഇരുപത്തിയയ്യായിരം രൂപ വരെ ശമ്പള കുടിശികയായി കിട്ടാനുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. നിര്‍മാണത്തിനിടെ പരുക്കേറ്റ തൊഴിലാളികളുടെ ചികില്‍സാ ചെലവിനു പോലും കമ്പനി പണം നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.
എന്നാല്‍ ജിഎസ്്ടിയിലെ പ്രശ്നങ്ങള്‍ കാരണമാണ് ശമ്പളം വൈകുന്നതെന്ന വിശദീകരണമാണ് സോമ കണ്‍സ്ട്രക്ഷന്‍സ് നല്‍കുന്നത്. ശമ്പളം വൈകിയാല്‍ ഡിഎംആര്‍എസി കെഎംആര്‍എല്‍ ആസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനുളള തീരുമാനത്തിലാണ് തൊഴിലാളികള്‍. മുഖ്യധാര തൊഴിലാളി സംഘടനകളൊന്നിന്റെയും പിന്തുണയില്ലാതെയാണ് സമരമെന്നതും ശ്രദ്ധേയമാണ്.