കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ എം ജി റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയിലെ മെട്രോയുടെ ആദ്യ ട്രയൽ റൺ വിജയകരം. ഇനി ഒരു മാസത്തോളം തുടർച്ചയായി ഈ പാതയിൽ ട്രയൽ റൺ നടക്കും. അടുത്ത മാസത്തോടെ സർവീസ് തുടങ്ങുകയാണ് ലക്ഷ്യം.
രാവിലെ പതിനൊന്ന് മണിയോടെയാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് മെട്രോ ട്രയൽ റൺ തുടങ്ങിയത്. മണിക്കൂറിൽ പത്ത് കിലോമീറ്റർ വേഗത്തിലായിരുന്നു യാത്ര. കെ എംആർഎല്ലിലെയും ഡിഎംആർസി യിലെയും സാങ്കേതിക വിദഗ്ധരുമായിരുന്നു നഗരഹൃദയമായ എംജി റോഡിലേക്കുള്ള മെട്രോയുടെ ആദ്യ യാത്രയിലെ യാത്രക്കാർ. തുടക്കം മെല്ലെയായിരുന്നെങ്കിലും മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നിന്ന് തിരികെയുള്ള യാത്രയിൽ മെട്രോയുടെ വേഗം കൂടി.