അവശേഷിച്ചിരുന്ന തീരം കൂടി കടലെടുത്തതോടെ ഫോര്‍ട്ട്കൊച്ചി ബീച്ചില്‍ സഞ്ചാരികളുടെ തിരക്ക് കുറയുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ രൂക്ഷമായ കടലാക്രമണത്തിലാണ് ഫോര്‍ട്ട് കൊച്ചിയിലെ തീരവും നടപ്പാതയും വെളളത്തിലായത്. തീരത്ത് ശക്തമായ കടല്‍ഭിത്തി ഉടന്‍ നിര്‍മിച്ചില്ലെങ്കില്‍ കടലാക്രമണത്തിന്റെ തീവ്രത കൂടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
തീവ്രമായ തിരമാലകളില്‍പ്പെട്ട് ഒരാഴ്ചമുമ്പാണ് ഫോര്‍ട്ട് കൊച്ചി തീരം ഈ പരുവത്തിലായത്. കോടികള്‍ മുടക്കി അടുത്തിടെ മാത്രം നിര്‍മിച്ച നടപ്പാതയത്രയും തകര്‍ന്നു. അവശേഷിച്ചിരുന്ന തീരം കൂടി കടലിലായി. കടലിലൊന്ന് കാല്‍നനയ്ക്കാന്‍ പോലും ബുദ്ധിമുട്ടായതോടെ വിനോദസഞ്ചാരികളുടെ എണ്ണവും വല്ലാതെ കുറഞ്ഞെന്ന് നാട്ടുകാര്‍ പറയുന്നു.
തകര്‍ന്ന നടപ്പാതയ്ക്കിടയിലൂടെ കടലിലേക്കിറങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അശാസ്ത്രീയമായ നിര്‍മാണമാണ് കടലാക്രമണത്തില്‍ നടപ്പാത തകരാന്‍ കാരണമായതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ശക്തമായ കടല്‍ഭിത്തി നിര്‍മിച്ചില്ലെങ്കില്‍ കടലാക്രമണം ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും നാട്ടുകാര്‍ നല്കുന്നു.