കൊച്ചിയിലെ വെള്ളക്കെട്ടിന് കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് നഗരാസൂത്രണ വിദഗ്ധര്‍. ചതുപ്പുകള്‍ നികത്തുന്നതും, അശാസ്ത്രീയമായ കാന നിര്‍മാണവും മുറ്റത്ത് ടൈലുകള്‍ വിരിക്കുന്നതുമെല്ലാം വെള്ളക്കെട്ട് രൂക്ഷമാക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഭരണാധികാരികളുടേയും ജനങ്ങളുടേയും യോജിച്ച പരിശ്രമമുണ്ടായാലേ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാന്‍ കഴിയൂ എന്നാണ് ഇവരുടെ പക്ഷം.
കൊച്ചിയിലെ വെള്ളക്കെട്ടിന് പ്രധാനമായും അഞ്ചു കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
1. ചതുപ്പുകള്‍ നികത്തിയതോടെ ജലം ശേഖരിക്കപ്പെടുന്ന ഇടങ്ങള്‍ കുറഞ്ഞു.
2. റോഡുകള്‍ക്ക് വീതി കൂട്ടിയപ്പോള്‍ ഓടകളുടെ വീതി കുറഞ്ഞു
3. മെട്രോ നിര്‍മാണ അവശിഷ്ടങ്ങള്‍ ഓടകളില്‍ ഉപേക്ഷിച്ചു
4. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഓടകളിലും തോടുകളിലും തള്ളി
5. മണ്ണിലേക്ക് വെള്ളം ഇറങ്ങാത്ത രീതിയില്‍ മുറ്റത്ത് ടൈലുകള്‍ വിരിച്ചതും വെള്ളക്കെട്ട് രൂക്ഷമാക്കിയതായി കൊച്ചിയുടെ സ്ഥായിയായ വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഇന്സ്പിരേഷന് എം.ഡി. ജയഗോപാല്‍ റാവു പറയുന്നു.
സമുദ്രജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണുക അത്ര എളുപ്പമല്ലെന്നാണ് വിദഗ്ധരുടെ പക്ഷം. വിവിധ കേന്ദ്രങ്ങളില്‍ വാട്ടര്‍ ചേംബറുകള്‍ നിര്‍മിച്ച് വെള്ളം പമ്പ് ചെയ്ത് മാറ്റുകയാണ് ഒരു പോംവഴി. തോടുകളും ഓടകളും കൃത്യമായി പരിപാലിക്കുകയും ഓരോ കെട്ടിടത്തിലും മഴവെള്ളസംഭരണികള്‍ സ്ഥാപിക്കുകയും ചെയ്താല്‍ വെള്ളക്കെട്ട് നിയന്ത്രിക്കാം.