ഇലക്കറികള്‍ക്കുള്ള വിഭവങ്ങള്‍ അരിഞ്ഞ് പാക്കറ്റില്‍ ലഭിച്ചാല്‍ എങ്ങനെയുണ്ടാവും. ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് ഒരുകൂട്ടം വനിതകള്‍ പുതിയ സംരംഭവുമായി രംഗത്തുള്ളത്. വീട്ടിലെ തൊടിയില്‍ ലഭ്യമായ ഭക്ഷ്യയോഗ്യമായ പച്ചിലകളെല്ലാം ഇവര്‍ പാക്കറ്റിലാക്കിക്കഴിഞ്ഞു.
ശര്‍മ്മിളയും ശ്രീലതയും മായാദേവിയും ശ്രീജയുമെല്ലാം വീട്ടിലെ പറമ്പില്‍ തിരക്കിലാണ്. പച്ചിലകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. തഴുത മുരിങ്ങ ചീര മത്ത തുടങ്ങിയ ഇലകളും ചേമ്പുന്താള് വാഴക്കൂമ്പ് പപ്പായ എന്നിവയും വിവിധ തൊടികളില്നിന്ന് പറിച്ചെടുത്തു. ഇനിയാണ് ജോലി തുടങ്ങുക.കഴുകി വൃത്തിയാക്കിയശേഷം ഇവ അരിഞ്ഞ് പാക്കറ്റുകളിലാക്കണം. പാക്കറ്റിന് പതിനഞ്ചുരൂപക്ക് ഈ ഇലക്കറി വിഭവങ്ങള്‍ ലഭ്യമാണ്. ജോലിക്കാരായ കുടുംബിനികളാണ് ഇവയുടെ ആരാധകര്‍. കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്കാണ് പദ്ധതിക്കു പിന്നില്‍.
നിലവില്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ് ഇലക്കറികള്‍ പാക്കറ്റിലാക്കുന്നത്. പുലര്‍ച്ചെ നാലുമണിക്ക് തുടങ്ങുന്ന ജോലി. ആലപ്പുഴ നഗരത്തിലും കഞ്ഞിക്കുഴിയില്‍ ബാങ്കിന്റെ ശാഖയിലുമെല്ലാം ഇലപാക്കറ്റുകള് ലഭ്യം. മിക്കപ്പോഴും പാക്കറ്റുകള്‍ വേഗം ചെലവാകും. അപ്പോള്‍ ഇവരെ തേടി വിളിയെത്തും. ഉടന്‍ ഇറങ്ങുകയായി വീടിനുപിന്നിലെ തൊടിയിലേക്ക്.