ആലപ്പുഴ- ചങ്ങനാശേരി എ.സി. കനാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ഗതാഗത യോഗ്യം. തിങ്ങിനിറഞ്ഞു കിടന്നിരുന്ന പോള പൂര്‍ണമായും നീക്കം ചെയ്തതോടെയാണ് കനാല്‍ ഉപയോഗയോഗ്യമായത്. കിടങ്ങറ ഭാഗത്ത് എ.സി. കനാലിന്റെ രണ്ടുമാസം മുന്പിലെ അവസ്ഥയും ഇപ്പോഴെത്തെ അവസ്ഥയുമാണിത്. വര്‍ഷങ്ങളോളം പോള നിറഞ്ഞ് ഉപയോഗശൂന്യമായ കനാല്‍ വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ രണ്ട് മാസം മുന്‍പാണ് ആരംഭിച്ചത്. സി.എഫ് തോമസ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കനാലിലെ പോള വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്തു. കനാല്‍ ഉപയോഗയോഗ്യമായതോടെ പോള അഴുകിയ ദുര്‍ഗന്ധവും ഇഴജന്തുക്കളുടെ സാന്നിധ്യവും ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.
പോള നീക്കം ചെയ്തതോടെ കുടിവെള്ളത്തിന്റെ ആവശ്യത്തിനൊഴികെ കനാലിലെ വെള്ളം ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാംകൃഷിയിറക്കിയ പാടത്തേക്കുള്ള ജലസേചനവും വള്ളത്തിലുള്ള ചരക്ക് നീക്കവും സുഗമമാകുമെന്ന സന്തോഷത്തിലാണ് പ്രദേശത്തെ കര്‍ഷകര്‍.