വൈറ്റിലയിലെയും എസ്.എ റോഡിലെയും ഗതാഗതക്കുരുക്ക് മറികടക്കാനുള്ള എളുപ്പമാര്‍ഗം ചെളിക്കുളമാക്കി വാട്ടര്‍ അതോറ്റി യാത്രക്കാരെ വെള്ളം കുടിപ്പിക്കുന്നു. ചമ്പക്കരയില്‍ നിന്ന് തൈക്കൂടം ബണ്ട് റോഡ് വഴി എംജി റോഡിലെത്താനുള്ള വാട്ടര്‍വേ അവന്യൂ കുത്തിപ്പൊളിച്ച് പൈപ്പ് ഇട്ട് രണ്ടുമാസമായിട്ടും റീടാര്‍ ചെയ്തില്ല.. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിട്ടും റോഡ് നന്നാക്കാന്‍ വാട്ടര്‍ അതോറിറ്റിയോ നഗരസഭയോ തയാറുമല്ല.
രണ്ടുമാസം മുന്‍പാണ് കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി വൈറ്റില ചമ്പക്കര കനാലിനു സമീപമുള്ള റോഡ് വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ചത്. പൈപ്പ് സ്ഥാപിച്ച് നാളുകളേറെയായിട്ടും വെട്ടിപ്പൊളിച്ച ഭാഗം ശരിയായി നികത്തി വീണ്ടും ടാര്‍ ചെയ്യാന്‍ വാട്ടര്‍ അതോറിറ്റി തയാറായില്ല. റീടാറിങ് വാട്ടര്‍ അതോറിറ്റിയുടെ ഉത്തരവാദിത്തമല്ലെന്ന നിലപാടിലാണ് പൈപ്പുകള്‍ സ്ഥാപിച്ച കരാറുകാരന്. പൊതു ആവശ്യത്തിനായി റോഡുകള്‍ കുഴിക്കുന്നവര് തന്നെ അത് നന്നാക്കണമെന്ന കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് വാട്ടര്‍ അതോറിറ്റിയുടെ നിരുത്തരവാദപരമായ നിലപാടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. മഴതുടങ്ങിയതോടെ റോഡില്‍ അപകടം പതിവായിട്ടും നടപടിയെടുക്കേണ്ടവര്‍ അറിഞ്ഞമട്ടില്ല.
വൈറ്റില തൃപ്പൂണിത്തുറ റോഡില്‍ മെട്രോ റയില്‍ നിര്‍മാണം നടക്കുന്നതിനാല്‍ ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. റോഡ് ടാര്‍ ചെയ്യാന്‍ വാട്ടര്‍ അതോറിറ്റി തയാറായില്ലെങ്കില്‍ കൊച്ചി നഗരസഭയോ തൃക്കാക്കര എം.എല്എയോ മുന്‍കയ്യെടുത്ത് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടപടി ആവശ്യപ്പെട്ട് ശക്തമായ സമരത്തിനൊരരുങ്ങുകയാണ് നാട്ടുകാര്‍.