ആദ്യാക്ഷരം പകര്‍ന്ന സ്കൂളിന് പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൈത്താങ്ങ്. കുട്ടനാട്ടില്‍ നിന്നാണ് മാതൃകയാവേണ്ട ഈ കാഴ്ച. ഭൗതിക സാഹചര്യങ്ങള്‍ നശിച്ചുതുടങ്ങിയ സ്കൂളിനെ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പഴയ തലമുറ ഇറങ്ങിത്തിരിച്ചത് പുതുതലമുറക്ക് നല്ല പാഠമാകും
ഇത് മാമ്പുഴക്കരിയിലെ ഫാദര്‍ ഫിലിപ്പോസ് മെമ്മോറിയല്‍ എല്‍പി സ്കൂള്‍. ജനലിന് പെയിന്റടിക്കുന്നത് രതീഷ് കെ. 1990ല്‍ ഈ പേര് ഹാജര്‍ ബുക്ക് നോക്കി ഇതേ ക്ലാസ് മുറിയില്‍ അധ്യാപിക ഉറക്കെ വിളിച്ചിരുന്നു. അന്ന് ഓടിക്കളിച്ചപ്പോള്‍ സ്കൂളില്‍ വീണ് നെറ്റിപൊട്ടിയതുള്പ്പെടെയുള്ള ഓര്‍മ്മകള്‍ അയവിറക്കിയാണ് രതീഷ് ജോലികളില്‍ മുഴുകിയിരിക്കുന്നത്.
1960 ല്‍ സ്ഥാപിച്ച സ്കൂള്‍ നശിച്ചുതുടങ്ങിയിരുന്നു. പ്രതാപം വീണ്ടെടുക്കാന്‍ പഴയ ചട്ടമ്പിക്കൂട്ടം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ നവീകരണങ്ങളാണ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ നടത്തുന്നത്. ക്ലാസ് മുറികളില്‍ ടൈല്‍സ് പാകി. കെട്ടിടത്തിന്റെ നിറം മാറ്റി. ഡോറയും ചോട്ടാ ഭീമുമെല്ലാം ഭിത്തിയില്‍ ഇടം നേടി. ഫാന്‍ ,സീലിങ്, പുതിയ ഫര്‍ണ്ണിച്ചറുകള്‍ കളിപ്പാട്ടങ്ങള്‍ അങ്ങനെ ആകെ അടിപൊളി.
1963 ലെ വിദ്യാര്‍ഥി കോമളന് സ്കൂള്‍ പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. 88 ല്‍ ഇവിടെ അധ്യാപികയായെത്തിയ സാലിമ്മ ടീച്ചറാണ് ഇപ്പോള്‍ പ്രധാനാധ്യാപിക. ടീച്ചര്‍ പഠിപ്പിച്ച കുട്ടികള്‍ ഉല്‍സാഹത്തോടെ പല ജോലികളില്‍. കുരുന്നുകള്‍ നാളെയെത്തുന്നതിനുമുമ്പ് പണികള്‍ തീര്‍ക്കണം.