കൊച്ചി കണ്ടയ്നര്‍ റോഡിലെ, ലോറികളുടെ അനധികൃത പാര്‍ക്കിങിന് ഇരയായി ഒരു ജീവന് കൂടി പൊലിഞ്ഞു. ചാലക്കുടി സ്വദേശിയായ യുവാവാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ഷാസിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. ലോറികളുടെ പാര്‍ക്കിങുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ഡ്രൈവര്‍മാര്‍ തയാറാകാത്തതാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ഇടപ്പളളിയില്‍ നിന്ന് ഹൈക്കോടതി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നോര്‍ത്ത് മുളവുകാടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ചെയ്്സിന് പിന്നിലിടിച്ച് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാര്‍ മീഡിയനോട് ചേര്‍ത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ചെയ്്സിന് പിന്നിലിടിക്കുകയായിരുന്നു. ചാലക്കുടി സ്വദേശിയായ പതിനേഴു വയസുകാരന് ആല്‍ഫി തല്‍ക്ഷണം മരിച്ചു. വാഹനമോടിച്ചിരുന്ന ബന്ധു അമല്‍റോയ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിലുമായി. അമലിന്റെ വിവാഹ ഒരുക്കങ്ങള്ക്കായുളള യാത്രയ്ക്കിടയിലായിരുന്നു ദാരുണമായ അപകടം. റോഡരികില്‍ അലക്ഷ്യമായി ലോറികള്‍ നിര്‍ത്തിയിടാന്‍ പാടില്ലെന്ന ജില്ലാ കലക്ടറുടെയടക്കം ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഗുരുതരമായ വീഴ്ച ആവര്‍ത്തിച്ചത്.
ലോറികളുടെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഈ ആരോപണമുയര്‍ത്തി നാട്ടുകാര്‍ ഏറെനേരം റോഡുപരോധിച്ചു.
എന്നാല്‍ അലക്ഷ്യമായി റോഡരികില്‍ നിര്‍ത്തിയിടുന്ന ലോറികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തയാറാകുമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധമവസാനിപ്പിക്കാന് നാട്ടുകാര്‍ തയാറായത്.