കൊച്ചി നഗരസഭയിലെ ഡേ കെയറുകള്‍ക്ക് റജിസ്ട്രേഷന് നിര്‍ബന്ധമാക്കി. ജൂണ്‍ 30ന് മുമ്പ് റജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് നഗരസഭയുടെ തീരുമാനം. കൊച്ചി പാലാരിവട്ടത്ത് ഡേ കെയറില്‍ കുട്ടിയെ മര്‍ദിച്ച വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നാണ് നടപടി. ഡേ കെയറുകളുടെ റജിസ്ട്രേഷന് നിലവില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ പ്രത്യേക ബൈലോ തയാറാക്കി ലൈസന്‍സും ഏര്‍പ്പെടുത്താനാണ് നഗരസഭയുടെ തീരുമാനമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന് പറഞ്ഞു.
കൃത്യമായി എത്ര ഡേ കെയറുകള്‍ നഗരത്തിലുണ്ടെന്ന് കണക്കെടുക്കും. ജൂണ്‍ പത്തിന് റജിസ്ട്രേഷന് ആരംഭിക്കും. ഡേ കെയറുകളുടെ സൗകര്യങ്ങളും നടത്തിപ്പും വിലയിരുത്താന്‍ വാര്‍ഡുതലത്തില്‍ സമിതികളുണ്ടാകും. ഡേ കെയറുകള്‍ മാത്രമല്ല നഗരത്തിലെ ഹോസ്റ്റലുകള്‍ , പേയിങ് ഗസ്റ്റുകള്‍ എന്നിവയുെട കണക്കെടുപ്പും തുടര്മാര്ഗനിര്ദേശങ്ങളും ഉണ്ടാകുമെന്നും മേയര്‍ അറിയിച്ചു.