ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി സ്ഥലം വിട്ടു നല്കിയവര് ദുരിതത്തില്‍. കുടിശിക തുകയും ആധാരവും മൂന്നുവര്‍ഷമായിട്ടും അധികൃതര്‍ നല്‍കിയില്ല. ആരോഗ്യവകുപ്പിനെതിരെ സമരത്തിനൊരുങ്ങുകയാണ് അഞ്ചു കുടുംബങ്ങള്‍. വീട് എവിടെയെന്ന് ട്രീസ തമ്പിയോട് ചോദിച്ചാല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് എന്നാണ് മറുപടി ലഭിക്കുക. രോഗം മൂലം ചികില്‍സയിലാണെന്ന് കരുതരുത്. സത്യമാണ് ആശുപത്രി പരിസരത്താണ് ഇവരുടെ വീട്.
ട്രീസയുടേത് ഉള്‍പ്പെട അഞ്ച് കുടുംബങ്ങളുടെ ഭൂമി ആശുപത്രി വികസനത്തിനായി സര്‍ക്കാര്‍ മൂന്നുവര്‍ഷം മുമ്പ് ഏറ്റെടുത്തു. നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയെ തകിടം മറിച്ച് കാലപ്പഴക്കം കണക്കാക്കി രണ്ടുലക്ഷം രൂപവീതമാണ് ഒടുവില്‍ വില നിശ്ചയിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ദിര ആവാസ് യോജന പദ്ധതിയില്‍പ്പെടുത്തി രണ്ടുലക്ഷം രൂപ പഞ്ചായത്തും നല്കി. ഇതു കൂടാതെ ഒരു ലക്ഷം രൂപ കൂടി അനുവദിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ പണം മൂന്നുവര്‍ഷമായിട്ടും ലഭിച്ചില്ല. സര്‍ക്കാരിന് വിട്ടുകൊടുത്തേ സ്ഥലത്തിന് പട്ടയമുണ്ടായിരുന്നു. എന്നാല്‍ പകരം നല്കിയ ഭൂമിയുടെ ആധാരം ഇതുവരെ കൈമാറിയിട്ടില്ല
വീടിന്റെ പണികള്‍ പാതിവഴിയില്‍ മുടങ്ങി. ആധാരവും കുടിശിക പണവും ലഭിക്കാനുള്ളതിനാല്‍ പഴയ വീട്ടിലാണ് താമസം. ചില വീടുകള്‍ പാതി പാളിച്ചുകഴിഞ്ഞു. അഞ്ചില്‍ മൂന്നു വീടുകളിലെ സ്ത്രീകള്‍ വിധവകളാണ്. ഇവരുടെ സ്ഥലം ഏറ്റടുത്തപ്പോള്‍ ആരംഭിച്ച മെഡിക്കല്‍ കോളജ് പിജി ഹോസ്റ്റലിനായുള്ള ബഹുനില മന്ദിരത്തിന്രെ പണി പൂര്‍ത്തിയാകാറായി. എന്നിട്ടും അവകാശപ്പെട്ടത് നല്‍കാതെ അഞ്ചുകുടുംബങ്ങളെ കഷ്ടപ്പാടില്‍ തള്ളിയിരിക്കുകയാണ് സര്‍ക്കാര്‍.