ജലക്ഷാമം നേരിടാന്‍ പതിനോരായിരത്തിലധികം കിണറുകളുടെ റീചാര്‍ജിങ് പദ്ധതിക്ക് തുടക്കം കുറിച്ച് മാവേലിക്കര നിയമസഭാ മണ്ഡലം. ഹരിതകേരളം മിഷനും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും കൂട്ടിച്ചേര്‍ത്താണ് മഴയെത്തും മുന്‍പേ എന്ന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ജലക്ഷാമം രൂക്ഷമായ ആലപ്പുഴ ചുനക്കര പഞ്ചായത്തിലാണ് കിണര്‍ റീചാര്‍ജിങ് പദ്ധതിയുടെ തുടക്കം കുറിച്ചത്. മാവേലിക്കര നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലെ ഏഴ് പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കും. ഓരോ വാര്‍ഡിലും ജലക്ഷാമം രൂക്ഷമായ നൂറ് കിണറുകള്‍ വീതമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആകെ 11205 കിണറുകളോട് ചേര്‍ന്ന് റീചാര്‍ജിങ് സംവിധാനമൊരുക്കും. ഒരു കിണറിന് എണ്ണായിരം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ഒരു റീചാര്‍ജിങ് കുഴിക്ക് മൂന്ന് തൊഴില്‍ദിനമാണ് അനുവദിച്ചിരിക്കുന്നത്. ജലസാക്ഷരതയാണ് ഉണ്ടാകേണ്ടതെന്ന് പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.
ജലം സുഭിക്ഷമായിരുന്ന കാലത്ത് രൂപപ്പെടുത്തിയ ശീലങ്ങള്‍ മാറ്റാന്‍ സമൂഹം തയാറാകണമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കായി മാവേലിക്കര എം.എല്‍.എ ആര്. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തെ മന്ത്രി പ്രശംസിച്ചു. സംസ്ഥാനത്തെ ബാക്കിയുള്ള നിയമസഭാ മണ്ഡലങ്ങളില്‍ ഓരോ പഞ്ചായത്തുവീതമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.