ഹൃദയ ശസ്ത്രക്രിയക്കായി തിയറ്ററില്‍ കയറ്റിയ രോഗികളെ ഉപകരണങ്ങളില്ലെന്ന പേരില്‍ മടക്കി അയക്കാന്‍ ശ്രമം. ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ അരങ്ങേറിയത്. ഡിസ്ചാര്‍ജ് ചെയ്തിട്ടും മടങ്ങാന്‍ രോഗികള്‍ തയാറാകാത്തതിനെ തുടര്ന്ന്ആശുപത്രി സൂപ്രണ്ട് ഇടപെട്ട് ആന്‍ജിയോപ്ലാസ്റ്റിക്കുള്ള സംവിധാനമൊരുക്കുകയായിരുന്നു
നെഞ്ചുവേദനയെത്തുടര്‍ന്ന് ചികില്‍സയിലുണ്ടായിരുന്ന ഒന്‍പതു രോഗികളോടാണ് വെള്ളിയാഴ്ച ആന്‍ജിയോഗ്രാമിനായി തയ്യാറാകാന്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് നിര്‍ദേശിച്ചത്. രക്തപരിശോധന ഉള്‍പ്പെടെ ഡോക്ടര്‍ നിര്‍ദേശിച്ച ലാബ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കി രാവിലെ ആറുമണിക്ക് രോഗികള്‍ റെഡി. തുടര്‍ന്ന് ഏവരെയും തിയറ്ററില്‍ പ്രവേശിപ്പിച്ച് ബന്ധുക്കള്‍ പുറത്ത് കാത്തിരുന്നു. എന്നാല്‍ ആന്‍ജിയോഗ്രാമും ആന്ജിയോപാസ്റ്റിയും നടക്കില്ലെന്ന് പതിനൊന്നുമണിയോടെ ഡോക്ടര്‍ അറിയിച്ചു. ഉപകരണങ്ങള്‍ ഇല്ലെന്നായിരുന്നു വിശദീകരണം. മറ്റൊരു ദിവസം വിളിച്ചിട്ട് വന്നാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ഡോക്ടറുമായി തര്‍ക്കത്തിലേര്‍പ്പെട്ട ബന്ധുക്കള്‍ പരാതിയുമായി ആശുപത്രി സൂപ്രണ്ടിനരുകിലെത്തി. അപ്പോഴേക്കും കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഒന്‍പതുപേര്‍ക്കും ഡിസ്ചാര്‍ജ് നല്‍കിക്കഴിഞ്ഞു
വിവിധതരം സൂചികളുള്പ്പെടെയുള്ള ഉപകരണങ്ങള്‍ ആശുപത്രിയില്‍ സ്റ്റോക്കുണ്ടായിരുന്നില്ല. അതിനാല്‍ ശസ്ത്രക്രിയകള്‍ക്ക് തീയതി നല്‍കരുതെന്ന് കാര്‍ഡിയോളജി വിഭാഗത്തോട് നിര്‍ദേശിച്ചിരുന്നുവെന്ന മറുപടിയാണ് സൂപ്രണ്ട് നല്‍കിയത്. തിയറ്ററില്‍ നിന്ന് രോഗികളെ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് ബന്ധുക്കള്‍ നിലപാടെടുത്തതോടെ പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങി. ഒടുവില്‍ വൈകിട്ട് നാലുമണിയോടെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇപകരണങ്ങള്‍ എത്തിച്ചു. തുടര്‍ന്ന് മുഴുവന്‍ ആളുകളെയും ആന്‍ജിയോഗ്രാമിന് വിധേയരാക്കി. ആവശ്യമുള്ളവര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തു. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ചികില്‍സ തേടി എത്തിയവരോടാണ് വണ്ടാനം മെഡിക്കല്‍കോളജിന്റെ ഈ ഹൃദയമില്ലാത്ത സമീപനം