ഇടപ്പള്ളി ഒബ്റോണ്‍ മാളിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിലെ സുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കുമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്. സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കി.
തീപിടിത്തമുണ്ടായ ഷോപ്പിങ് മാളില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് നഗരത്തിലെ മറ്റു വ്യാപാര കേന്ദ്രങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാണോയെന്ന് പരിശോധിക്കുമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന് അറിയിച്ചത്.
ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഫയര്‍ എന്‍ഓ.സിയും ഉണ്ടെങ്കില്‍ മാത്രമേ വാണിജ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ. പെര്‍മിറ്റ് ലഭിച്ചശേഷം കെട്ടിടങ്ങള്‍ മാറ്റിപ്പണിയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സുരക്ഷിതത്വത്തിനു കുറവുവരുന്ന രീതിയില്‍ നിര്‍മാണം നടത്തിയിട്ടുണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൗമിനി ജെയിന് വ്യക്തമാക്കി.
നഗരത്തിലെ പല വ്യാപാര സ്ഥാപനങ്ങള്‍ക്കും മതിയായ സുരക്ഷാസര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടില്ല എന്നാണ് വിവരം. മേയറുടെ വാക്കുകള്‍ ആത്മാര്‍ഥമെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നടപടി നേരിടേണ്ടിവരും. ബഹുനിലക്കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ആധുനിക ഉപകരണങ്ങള്‍ അഗ്നിശമന വിഭാഗത്തിന്റെ പക്കലുണ്ടോ എന്ന ചോദ്യവും ഒബ്റോണ്‍ മാളിലെ തീപിടിത്തം ഉയര്‍ത്തുന്നു.