പൊതുമേഖല സ്ഥാപനമായ ആലപ്പുഴയിലെ കേരള ഡ്രഗ്സ് ആന്‍സ് ഫാര്‍മസ്യൂട്ടിക്കല്‍സ് രാജ്യാന്തര വിപണിയില്‍ മരുന്ന് വിതരണം ലക്ഷ്യമിടുന്നു. ഇതിന്റെ ആദ്യപടിയായി ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിക്കാനാണ് തീരുമാനം. കെഎസ്ഡിപിയില്‍ പുതിയതായി ആരംഭിക്കുന്ന ആന്റി ബയോട്ടിക്സ് മരുന്ന് പ്ലാന്റിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കടുത്ത പ്രതിസന്ധി നേരിട്ടിരുന്ന കേരളത്തിന്റെ മരുന്നു നിര്‍മ്മാണശാലയായ കെഎസ്ഡിപി കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്. ബജറ്റില്‍ വലിയ തുക നീക്കിവച്ച് ഇടതു സര്‍ക്കാര്‍ കൈത്താങ്ങു നല്കി. രാജ്യാന്തര നിലവാരമുള്ള ജൈവ രാസ പരിശോധനക്കുതകുന്ന ലാബ് ഇവിടെ പൂര്‍ത്തിയായിക്കഴിഞ്ഞു. കുത്തിവയ്പ്പിനുള്ള ആന്റി ബയോട്ടിക്സ് മരുന്നു നിര്‍മ്മാണശാലയും സജ്ജമായി. ഇത് ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആഫ്രിക്ക ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയക്കുകയാണ് അടുത്ത ലക്ഷ്യം.
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്ക്കാവശ്യമുള്ള മരുന്നുകള്‍ ഉല്പ്പാദിപ്പിച്ചുനല്കാന് കെഎസ്ഡിപിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ ഈ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്ലാന്റിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങും. കഴിഞ്ഞ വര്‍ഷം പതിനെട്ടുകോടി രൂപയുടെ മരുന്നാണ് ആരോഗ്യവകുപ്പ് വാങ്ങിയതെങ്കില്‍ ഇക്കുറി മൂന്നുമാസം പൂര്‍ത്തിയാകുമ്പോള്‍ തന്നെ മുപ്പതുകോടിയുടെ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഈ നില തുടര്‍ന്നാല്‍ കെഎസ്ഡിപി വലിയ ലാഭത്തിലാകും