വഞ്ചിവീടുകള്‍ക്ക് രാത്രി പാര്‍ക്കിങ്ങിനായി ആലപ്പുഴ കൈനകരിയില്‍ ടെര്‍മിനല്‍ ഒരുങ്ങുന്നു. നാല്‍പ്പതു ബോട്ടുകള്‍ക്ക് ഒരേസമയം ഇടം ലഭിക്കുന്ന സംവിധാനം വട്ടക്കായലിലാണ് തയ്യാറാക്കിയിരിക്കുന്നത്. അടുത്തമാസം പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ ഫിനിഷിംങ് പോയിന്റിലെ തിരക്ക് ഒഴിവാക്കാനാകുമെന്നാണ് വിനോദ സഞ്ചാരവകുപ്പിന്റെ പ്രതീക്ഷ. എന്നാല്‍ അശാസ്ത്രീയ നിര്‍മാണമെന്ന പരാതിയാണ് വഞ്ചിവീടുടമകള് ഉന്നയിക്കുന്നത്.
നൂറുകണക്കിന് വഞ്ചിവീടുകള്‍ വേമ്പനാട്ടുകായലിലുണ്ട്. ഫിനിഷിങ് പോയിന്റാണ് ഇവയുടെ പ്രധാന താവളം. വൈകിട്ട് അഞ്ചുമണിക്കുശേഷം കായല്‍ സഞ്ചാരത്തിന് അനുമതിയില്ലാത്തതിനാല്‍ വിവിധ സ്ഥലങ്ങളിലായി തീരത്തടിപ്പിക്കുകയാണ് ഇതുവരെയുള്ള പതിവ്. യാത്രക്കാര്‍ സുരക്ഷിതരല്ലെന്നതടക്കം നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാത്രിയില്‍ വഞ്ചിവീടുകള്‍ക്ക് തങ്ങാന്‍ ടെര്‍മിനല്‍ എന്ന ആശയം ഉയര്‍ന്നത്. പന്ത്രണ്ടരക്കോടി രൂപമുടക്കില്‍ കൈനകരി വട്ടക്കായലില്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. എന്നാല്‍ ഇത് പ്രായോഗികമായ പദ്ധതിയല്ലെന്നാണ് ബോട്ടുടമകള്‍ ചൂണ്ടിക്കാട്ടുന്നത്. വലിയ വഞ്ചിവീടുകള്‍ക്ക് ടെര്‍മിനലിലേക്ക് അടുക്കാന്‍ കഴിയില്ലെന്ന പരാതിയാണ് പ്രധാനമായും ഉയരുന്നത്.
വട്ടക്കായലില്‍ ശക്തമായ കാറ്റുണ്ട്. വഞ്ചിവീടുകള്‍ക്ക് കേടുപാടുണ്ടാകാന്‍ ഇത് ഇടവരുത്തുമെന്നും ബോട്ടുടമകള്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തില്‍ നിന്ന് വളരെ അകലെയെന്നതും പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതാണ് ടെര്‍മിനല്‍. താമസത്തിനും ഭക്ഷണത്തിനുമുള്പ്പെടെയുള്ള സംവിധാനങ്ങള്‍ തയ്യാറാക്കുന്നുണ്ട്. ടെര്‍മിനല്‍ ഉടന്‍ത്തന്നെ തുറന്നുകൊടുക്കുമെന്ന് വിനോദസഞ്ചാരവകുപ്പ് അറിയിച്ചു.
Advertisement