യാത്രക്കിടെ നമ്മൾ പലരെയും കണ്ടുമുട്ടാറുണ്ട്. വിസ്മയങ്ങള്‍ ജനിപ്പിച്ച് ആൾക്കൂട്ടത്തിൽ മറഞ്ഞാലും ചിലർ ഓർമകളിൽ തങ്ങി നിൽക്കും. അത്തരത്തിൽ ഒരാളാണ് മാന്ത്രികൻ കൊല്ലം പിള്ളയെന്ന തെരുവ് കലാകാരൻ.
പലപ്പോഴും പലയിടങ്ങളിലായി ഇയാൾ നമ്മുടെ കാഴ്ച്ചയിലേക്ക് കടന്നുവന്നിട്ടുണ്ട്. ഒരു പക്ഷെ അത് ട്രെയിൻ യാത്രക്കിടയിലോ ,തിരക്കേറിയ ബസ് സ്റ്റാൻന്റിലോ ആവാം ഈ കണ്ടുമുട്ടൽ. വേഷമാണ് ആദ്യം ആകർഷിക്കുക. കൊമ്പൻ മീശയെയും നീളൻ കോട്ടിനെയും കുറിച്ച് ആലോചിക്കുമ്പോഴേക്കും ചെപ്പടി വിദ്യകളിലൂടെ ഇയാൾ ശ്രദ്ധ മുഴുവൻ കവർന്നിരിക്കും.
പേര് എസ്. ഗോപിനാഥൻ പിള്ള.മാന്ത്രികൻ കൊല്ലം പിള്ളയെന്ന് പറഞ്ഞാലേ അറിയൂ.അരനൂറ്റാണ്ടായി ദക്ഷിണേന്ത്യയിലെ തെരുവുകളിൽ ഈ കലാകാരനുണ്ട്.ചെപ്പടി വിദ്യകൾക്കും കണ്കെട്ട് വിദ്യകൾക്കും വേദികളൊന്നും ആവശ്യമില്ലെന്ന് ബോധ്യപ്പെടുത്തി അലയുകയാണ് ഈ കലാകാരൻ.
വെറുതെ നാണയ തുട്ടുകൾ വാങ്ങി ആൾകൂട്ടത്തിൽ മറയാനൊന്നും പിള്ള തയ്യാറല്ല.ആവശ്യമുള്ളവർക്ക് ചെപ്പടി വിദ്യകൾ പകർന്ന് നൽകും. മാജികിന് ആവശ്യമായ സാധനങ്ങളുടെ വിൽപനയും ഉണ്ട് ഈ കൊല്ലം അഷ്ടമുടിക്കാരന്.