കടുത്തുരുത്തി ∙ നാടിനു കൗതുകമായി വീണ്ടും പെരുമ്പാമ്പ്. കാഴ്ചക്കാരായി എത്തിയവരുട ആവേശം അതിരു കടന്നതോടെ ഒരാൾക്കു പാമ്പിന്റെ കടിയേറ്റു. മാഞ്ഞൂർ പഞ്ചായത്തിലെ കുഴിയംചാൽ തോട്ടിൽ മീൻ പിടിക്കാൻ സ്ഥാപിച്ചിരുന്ന വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. പാമ്പിനെ കാണാനെത്തിയ ജനക്കൂട്ടത്തിന്റെ ബഹളത്തിനിടെയാണ് കുന്നത്ത് തോമസിനു കടിയേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാഞ്ഞൂർ തെക്കേമ്യാലിൽ മോനപ്പൻ ഇന്നലെ രാവിലെ ആറിനു നടക്കാനിറങ്ങിയപ്പോഴാണ് വലയിൽ മീനിനുപകരം പാമ്പ് കുടുങ്ങിയതറിഞ്ഞത്. മോനപ്പൻ ഉടൻ മറ്റുള്ളവരെ വിളിച്ചുവരുത്തി പാമ്പിനെ പിടികൂടി കരയിലെത്തിച്ചു. 12 അടിയോളം നീളവും 30 കിലോഗ്രാം തൂക്കവുമുള്ള പാമ്പാണിത്.
പാമ്പ് വലയിൽ കുടുങ്ങിയ വിവരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു അജിത്ത്, അംഗങ്ങളായ ലൂക്കോസ് മാക്കിൽ, ബിനോയ് ഇമ്മാനുവൽ എന്നിവർ വനംവകുപ്പ് അധികൃതരെ അറിയിച്ചു. 11 മണിയോടെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ ഏറ്റുവാങ്ങി.