കുടിവെള്ളം കിട്ടാത്തതിനെ തുടർന്ന് പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുളിച്ചും തുണിഅലക്കിയുമൊരു പ്രതിഷേധം. എറണാകുളം വടക്കൻ പറവൂർ കുന്നുകര പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് വ്യത്യസ്തമായ പ്രതിഷേധം നടന്നത്.
കുട്ടിവെള്ളം കിട്ടാക്കനിയായതോടെയാണ് കുന്നുകര ഹരിജൻകോളനി നിവാസികൾ കുളിയും തുണിയലക്കുമൊക്കെ പഞ്ചായത്ത് ഓഫീസിലാക്കിയത്. വേനൽ കനത്തതോടെ കോളനിയിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. ഒരിറ്റ് വെള്ളത്തിനായി ഇവർ മുട്ടാത്ത വാതിലുകളില്ല. അധികാരികൾക്ക് ദയതോന്നിയാൽ വല്ലപ്പോഴും ടാങ്കറിൽ ജലമെത്തിക്കും. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി അതുമില്ല. ഇതോടെയാണ് പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ രംഗത്തെത്തിയത്.
കോളനിയിൽ വെള്ളമെത്തിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവങ്ങളിലും ഇതേ രീതിയിൽ പ്രതിഷേധം തുടരനാണ് തീരുമാനം.