കടുത്ത വേനലിൽ വർണവിസ്മയം തീർത്ത് പതിനൊന്നാമത് തേക്കടി പുഷ്പമേള. തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും, മണ്ണാറത്തറയിൽ ഗാർഡൻസും, കുമളി ഗ്രാമ പഞ്ചായത്തും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്.
കുമളി തേക്കടി റോഡിൽ കല്ലറയ്ക്കൽ ഗ്രൗണ്ടിൽ ഇരുപതിനായിരത്തോളം ചതുരശ്ര അടിയിലാണ് പ്രദർശനം.
പുഷ്പമേളയോടൊപ്പം കാർഷികവിള പ്രദർശനവും ഫോട്ടോ പ്രദർശനവും വിപണന സ്റ്റാളുകളുമുണ്ട്. കുട്ടികള്‍ക്കായി വിവിധ റൈഡുകളും സജ്ജമാക്കിയിട്ടുണ്ട്. തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികള്‍ പുഷ്പമേളയും കണ്ടാണ് മടങ്ങുന്നത്. കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമായി വിവിധ മല്‍സരങ്ങളും, സെമിനാറും ഭക്ഷ്യമേളയും പുഷ്പമേളയുടെ ഭാഗമായുണ്ട്. 40 രൂപയാണ് പ്രവേശന ഫീസ്. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.