തൊട്ടടുത്തുള്ള സ്ഥലത്തേക്കുപോലും പോകാന്‍ ബൈക്കും കാറും ഉപയോഗിക്കുന്നവരെ ബോധവല്‍ക്കരിക്കാന്‍ ഒരു സൈക്കിള്‍ യാത്ര. ഹൈദരാബാദുകാരായ രണ്ടു യുവാക്കളാണ് സൈക്കിള്‍ യാത്രയുടെ ഗുണം ജനങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളം ഇരുപത്തിരണ്ടായിരം കിലോമീറ്ററാണ് ഇവര്‍ ചവിട്ടി സഞ്ചരിക്കുക.
കൃഷ്ണ കൗഡിന്യ വിപ്രോ ജീവനക്കാരനാണ്. സുഹൃത്ത് സന്ദീപ് റെഢി സൈക്കിള്‍ റേസിങ് താരവും. ഹൈദരാബാദില്‍ നിന്ന് വിജയവാഡ, തിരുപ്പതി, ചെന്നൈ,മധുര, കന്യാകുമാരി, തിരുവനന്തപുരം വഴി ആലപ്പുഴയിലെത്തിയപ്പോളാണ് ഇരുവരെയും ഞങ്ങള്‍ കണ്ടത്. ഇതിനകം 2200 കിലോമീറ്റര്‍ യാത്രചെയ്തു. ഊട്ടി,മൈസൂര്‍ ,ഗോവ, മുംബൈ.മുന്നില്‍ നീണ്ടുകിടക്കുകയാണ് പാത. വട്ടം ചവിട്ടി ഇക്കണ്ടദൂരമെല്ലാം താണ്ടാനുറച്ചിറങ്ങിയതാണ് ഇരുവരും. നിരത്തില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന വാഹനങ്ങള്‍ മൂലം അന്തരീക്ഷം മലിനപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. അതിന്റെ തോത് കുറക്കാനുള്ള പോംവഴിയാണ് ഇരുവരും പറയുന്നത്. ദിവസവുമുള്ള ചെറിയ യാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കണം. ഇംഗ്ലണ്ടിലും മറ്റും ദിവസവും സൈക്കിളില്‍ ഓഫീസിലെത്തുന്നവര്‍ക്ക് നികുതി ഇളവുണ്ട്.
കേരളത്തിന്റെ ഭൂപ്രകൃതിയില്‍ ഇരുവരും ലയിച്ചുകഴിഞ്ഞു. ആലപ്പുഴയിലെ റോഡില്‍ അന്പത്തിയൊന്നുകിലോമീറ്റര് വേഗതയില്‍ സൈക്കിളോടിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സന്ദീപ്. മാര്‍ച്ച് ഇരുപത്തിയാറിനാണ് സൈക്കിള്‍ യാത്ര തുടങ്ങിയത്.
സൈക്കിളില്‍ ഇരുപത്തിരണ്ടായിരം കിലോമീറ്റര്‍ യാത്ര എന്നത് പൂര്‍ത്തിയാക്കിയാല്‍ ലോകറെക്കോഡാണ് ഇരുവരെയും കാത്തിരിക്കുന്നത്. അത് നേടുകതന്നെ ചെയ്യുമെന്ന് ആത്മവിശ്വാസം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൈക്കിള്‍ ക്ലബുകളാണ് ഇരുവര്‍ക്കും താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തുനല്‍കുന്നത്. നാലുജോഡി വസ്ത്രങ്ങളടങ്ങിയ ബാഗുമായി ഒരു ഇന്ത്യന്‍ സൈക്കിള്‍ യാത്ര.