സിപിഐ നേതാവായ പഞ്ചായത്ത് പ്രസിഡന്റിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ശകാരവര്‍ഷം. വടക്കന്‍ പറവൂര്‍ ചേന്ദമംഗലം പഞ്ചായത്തിലാണ് സംഭവം. ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ബഹളം.
ചീത്തവിളിയുടെ കാര്യത്തില്‍ മുന്നണി മര്യാദകളില്ല. പ്രസിഡന്റ് സിപിഐക്കാരനാണെന്നൊന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നോക്കിയില്ല. പറയാനുള്ളതെല്ലാം പറഞ്ഞു. ഗോതുരുത്ത്, തുരുത്തിപ്പുറം ഭാഗങ്ങളിലേക്കുള്ള ബോട്ട് സര്‍വീസ് നിര്‍ത്തിയതാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ രോഷത്തിനിടയാക്കിയത്. പ്രസിഡന്റിന്റേയും പഞ്ചായത്ത് സെക്രട്ടറിയുടേയും സ്വാര്‍ത്ഥ താല്പര്യം മൂലമാണ് ബോട്ട് സര്‍വീസ് നിര്‍ത്തിയതെന്നായിരുന്നു ഡിവൈഎഫ്ഐയുടെ ആക്ഷേപം. ഇതില്‍ പ്രതിഷേധിച്ച് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നതിനിടെയാണ് ബോട്ട് സര്‍വീസ് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് പുനരാരംഭിച്ചത്.
സമരം പൊളിച്ച സന്തോഷവുമായി പഞ്ചായത്ത് ഓഫിസില്‍ മടങ്ങിയെത്തിയ പ്രസിഡന്റിനെ കാത്തിരുന്നത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ശകാരവര്‍ഷമായിരുന്നു. സിപിഐയ്ക്ക് പോസ്റ്ററൊട്ടിക്കാന്‍ പോലും ആളില്ലാത്ത പഞ്ചായത്തില്‍ സിപിഎമ്മിന്റെ ഔദാര്യമാണ് പഞ്ചായത്ത് പ്രസിഡന്റ് പദമെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്ഷേപിച്ചു.